വീടിനു മുകളില്‍ ഉല്‍ക്ക വീണു കോടീശ്വരനായി; ആദ്യ പരിഗണന ചര്‍ച്ച് നിര്‍മ്മാണത്തിന്
ജക്കാര്‍ത്ത: ഇന്തോനേഷ്യക്കാരനായ ജോഷ്വാ ഫുറ്റാഗാലുംഗ് (33) എന്ന ശവപ്പെട്ടി നിര്‍മ്മാണ തൊഴിലാളിയുടെ മുഖത്ത് ഇപ്പോഴും ആശ്ചര്യം വിട്ടു മാറാത്ത ഭാവം.
കാരണം വെറും സെക്കന്റുകള്‍ കൊണ്ടാണ് ഇദ്ദേഹം കോടീശ്വരനായത്. വടക്കന്‍ സുമാത്രയിലെ കോലാംഗിലെ തന്റെ വീടിനോടു ചേര്‍ന്ന് പുതിയ ശവപ്പെട്ടി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആകാശത്തുനിന്നും ഒരു ഉല്‍ക്കാ ശില വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് മുറിയുടെ അരികിലൂടെ വരാന്തയും കഴിഞ്ഞ് മണ്ണിലേക്കു പതിച്ചത്.
ഉല്‍ക്ക പതിച്ചപ്പോള്‍ വീടിന്റെ ചില ഭാഗങ്ങള്‍ കുലുങ്ങുകയും ഉഗ്ര ശബ്ദം കേള്‍ക്കുകയും ചെയ്തു. വല്ല ഭൂചലനവുമായിരിക്കുമെന്നാണ് താന്‍ ആദ്യം കരുതിയത്. ജോഷ്വാ വീടിന്റെ മേര്‍ക്കൂര ശ്രദ്ധിച്ചപ്പോള്‍ ഒരു ദ്വാരം കണ്ടു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വീടിന്റെ മുറ്റത്ത് 15 സെന്റീമീറ്റര്‍ ആഴത്തില്‍ ഉല്‍ക്ക പതിച്ച കാഴ്ച കാണുവാനിടയായത്.
2.1 കിലോഗ്രാമായിരുന്നു ശിലയുടെ ഭാരം. താന്‍ ഉല്‍ക്ക ആദ്യം എടുത്തപ്പോള്‍ അതില്‍നിന്നും ചൂട് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് താന്‍ സോഷ്യല്‍ മീഡിയായില്‍ വിവരം പോസ്റ്റു ചെയ്തതോടെയാണ് പുറംലോകം അറിഞ്ഞത്. സാധാരണ ഉല്‍ക്കാ ശിലകള്‍ക്ക് ഗ്രാമിന് അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.
വില കുറഞ്ഞ പാറകള്‍ ആണെങ്കില്‍ ഗ്രാമിന് 0.50 ഡോളര്‍ മുതല്‍ 5.00 ഡോളര്‍ വരെ വില ലഭിക്കും. അതേ സമയം വളരെ അപൂര്‍വ്വമായി ശലകളാണെങ്കില്‍ ഗ്രാമിന് 1,000 ഡോളര്‍ വരെ ലഭിക്കും. ഏതായാലും മുറ്റത്തുനിന്നും ലഭിച്ച ഉല്‍ക്കയുടെ വിവരം അധികാരികളുമായി പങ്കുവെച്ചു. ജോഷ്വയ്ക്ക് കിട്ടിയ ഉല്‍ക്കാ ശിലയുടെ പഴക്കം 4.5 ബില്യന്‍ വര്‍ഷമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
കാര്‍ബ സോഷ്യസ് കോണ്‍ ഡ്രൈറ്റ് വിഭാഗത്തില്‍പ്പെട്ട ഈ ഉല്‍ക്ക അത്യപൂര്‍വ്വവും ഏകദേശം 1.85 മില്യണ്‍ ഡോളര്‍ വില മതിക്കുന്നതുമാണ്. ഗ്രാമിന് 857 ഡോളര്‍ വീതം ലഭിക്കും. മൂന്നു ആണ്‍മക്കളുടെ പിതാവായ ജോഷ്വാ, തനിക്ക് ലഭിച്ച ഈ അത്ഭുത വസ്തു ദൈവത്തിന്റെ കരസ്പര്‍ശം ഉള്ളതാണെന്ന് വിശ്വസിക്കുന്നു. യു.എസില്‍ നിന്നുള്ള ഉല്‍ക്ക ശിലാ വിദഗ്ദ്ധനായ ജറേഡ് കോളിന്‍സ് ആണ് വന്‍ തുക മുടക്കി ജോഷ്വായുടെ കൈയ്യില്‍നിന്നും ഉല്‍ക്ക വാങ്ങിയത്.
യു.എസിലെ ഇന്ത്യാനാ പൊലിസിലുള്ള ഡോക്ടറും ഗവേഷകനുമായ ജേയ് പീറ്റെകിന് കോളിന്‍സ് ഇത് കൈമാറുകയുണ്ടായി. എന്തായാലും തനിക്ക് ലഭിച്ച സൌഭാഗ്യത്തിന് ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഉത്തമ ക്രൈസ്തവ വിശ്വാസിയായ ജോഷ്വ ഉല്‍ക്ക കൈമാറിക്കിട്ടിയ തുകയില്‍ നിന്നും നല്ലൊരു ഭാഗം താന്‍ ആരാധിക്കുന്ന ദൈവസഭയ്ക്കു വേണ്ടി പുതിയൊരു ആരാധനാലയം പണിയുവാന്‍ തീരുമാനിച്ചു.
ജോഷ്വയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ അകലെയുള്ള വയലില്‍നിന്നും മൂന്നു ഉല്‍ക്കാ ശിലകള്‍ കൂടി കണ്ടെത്തിയിരുന്നു. ഓഗസ്റ്റില്‍ 4.6 ബില്യണ്‍ വര്‍ഷം പഴക്കമുള്ള ഉല്‍ക്കയുടെ 200-ഓളം ഭാഗങ്ങള്‍ ബ്രസീലിലെ ഫിലോമിനയില്‍ തകര്‍ന്നു വീണിരുന്നു. കൂട്ടത്തിലെ ഭീമനായ 40 കിലോ ഭാരമുള്ള ഉല്‍ക്കാ ശിലയ്ക്ക് 20,000 പൌണ്ടിലേറെ മൂല്യമുണ്ടായിരുന്നു.


Comments are closed.