മതനിന്ദയുടെ പേരില്‍ കേസ്: ക്രിസ്ത്യന്‍ യുവാവിനെ വെറുതേ വിട്ടു
ലാഹോര്‍ : പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റംആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവാവിനെ കോടതി വെറുതേ വിട്ടു.
ലാഹോറിലെ ജോസഫ് കോളനിയില്‍ താമസക്കാരനായിരുന്ന ശുചീകരണ തൊഴിലാളി സാവന്‍ മസി (40) യെയാണ് നിരപരാധിയെന്നു കണ്ടെത്തി ലാഹോര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുറ്റ വിമുക്തനാക്കിയത്.
ആറര വര്‍ഷം മുമ്പാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. ഒരു മുസ്ളീം സുഹൃത്തുമായി ഉണ്ടായ തര്‍ക്കത്തില്‍ പ്രവാചകനെ നിന്ദിച്ചു എന്ന പരാതിയില്‍ 2013 മാര്‍ച്ചിലാണ് സാവന്‍ അറസ്റ്റു ചെയ്യപ്പെട്ടത്.
മതനിന്ദ ആരോപിച്ചുകൊണ്ട് മൂവായിരത്തോളം മുസ്ളീങ്ങള്‍ കോളനിയിലെ ക്രൈസ്തവരുടെ 180 വീടും 75 കടകളും രണ്ട് ആരാധനാലയങ്ങളും ആക്രമിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് അവിടെനിന്നും പാലായനം ചെയ്യേണ്ടതായി വന്നു.
കോളനിയിലെ സ്ഥലം തട്ടിയെടുക്കാന്‍ ആഗ്രഹിച്ച ചിലര്‍ കെട്ടിച്ചമച്ചതാണ് മതനിന്ദാ കേസ് എന്നു കാണിച്ചാണ് വധശിക്ഷാ വിധിക്കെതിരെ സാവന്‍ അപ്പീല്‍ നല്‍കിയത്. സയിദ് ഷെഗ്ബാന്‍ അലി റിസ്വിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സാവനെ കുറ്റ വിമുക്തനാക്കി വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്.