സൈബീരിയയില്‍ മാമത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

സൈബീരിയയില്‍ മാമത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

Breaking News Global

സൈബീരിയയില്‍ മാമത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി
മോസ്ക്കോ: ആനയുടെ പിന്‍ഗാമികളായിരുന്ന മാമത്തിന്റെ അസ്ഥികൂടങ്ങള്‍ വടക്കന്‍ സൈബീരിയയില്‍ കണ്ടെത്തി.

യമലോ-നെനെറ്റ്സ് പ്രവിശ്യയിലെ പെഷെവെലവാറ്റോ തടാകക്കരയില്‍ കന്നുകാലികളെ മേയ്ക്കുന്നവരാണ് വൂളി മാമത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച് എത്തിയ റഷ്യന്‍ ശാസ്ത്രജ്ഞര്‍ അവശിഷ്ടങ്ങള്‍ ശേഖരിക്കുകയുണ്ടായി.

തലയോട്, താടിയെല്ല്, വാരിയെല്ലുകള്‍ ‍, കേടു സംഭവിക്കാത്ത കാലുകളുടെ ഭാഗങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്. തുടര്‍ന്നു നടത്തിയ ഖനനത്തില്‍ മറ്റു ചില അസ്ഥികളും കണ്ടെടുത്തു. മാമത്തുകളുടെ അസ്ഥികള്‍ പൂര്‍ണ്ണമായും കണ്ടെത്താന്‍ അപൂര്‍വ്വമായേ കഴിഞ്ഞിട്ടുള്ളുവെന്നും അവയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുന്നതിന് ഇത് സഹായിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

സൈബീരിയയിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞു പാളികള്‍ക്കിടയില്‍നിന്നും നേരത്തെയും മാമത്തുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആനകളിലെ വംശനാശം സംഭവിച്ച മാമത്തുകള്‍ക്കിടയിലെ ഒരു വിഭാഗമാണ് വൂളി മാമത്തുകള്‍ ‍.

ശരീരം രോമാവൃതമായതിനാലാണ് ആ പേര് ഇവയ്ക്കു ലഭിച്ചത്. തുന്ദ്ര മാമത്ത് എന്നും ഇവയ്ക്ക് പറയാറുണ്ട്. 1,50,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ജന്മം കൊണ്ട വൂളി മാമത്തുകള്‍ക്ക് 10,000 വര്‍ഷങ്ങള്‍ക്കുമുമ്പ് വംശനാശം സംഭവിച്ചു.