ഒഡീഷയില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ഭുവനേശ്വര്‍ : ചെറുപ്രായത്തില്‍ത്തന്നെ രക്ഷിക്കപ്പെട്ട് ക്രിസ്തുവിങ്കലേക്ക് കടന്നുവന്നു ഉത്തമ സാക്ഷ്യമുള്ള ദൈവപൈതലായി ജീവിച്ചുവന്ന 14-കാരനെ സുവിശേഷ വിരോധികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
ഒഡീഷയില്‍ ജൂണ്‍ 6-ന് രാത്രിയില്‍ മല്‍ക്കണ്ടിരി ജില്ലയിലെ മുഡുലിപാഡ താലൂക്കില്‍ സേന്ദുഗുഡ് ഗ്രാമത്തില്‍ ബെഥേല്‍ ഹൌസ് ചര്‍ച്ചിലെ സജീവ അംഗമായ ഉങ്ങമദ്കാമിയുടെ മകന്‍ സമരു മദ്കാമിയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
സംഭവ ദിവസം രാത്രിയില്‍ ഗ്രാമത്തിലെ ഒരു സംഘം ആളുകള്‍ സമരുവിനെ വീട്ടില്‍നിന്നും വിളിച്ചിറക്കി അല്‍പം അകലെയുള്ള സ്ഥലത്തുപോയി സംസാരിക്കണണെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി മറ്റു ചില സംഘക്കാരെ ഏല്‍പ്പിച്ചു. അവര്‍ ഈ ഗ്രാമത്തിനു പുറത്തുള്ള മത മൌലികവാദികളായ പ്രവര്‍ത്തകര്‍ ആയിരുന്നു.
സമരുവിനെ കൂട്ടിക്കൊണ്ടുപോയി ഒരു കാട്ടിനുള്ളില്‍വച്ച് കല്ലുകള്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കഴുത്തറക്കുകയുമായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ദേഹമാസകലം വെട്ടി നുറുക്കി. മരണത്തിനു കീഴടങ്ങിയ സമരുവിന്റെ ജഡം ഇവര്‍ മറവു ചെയ്തു. തുടര്‍ന്നു സമരുവിന്റെ വീട്ടിലെത്തി പിതാവ് ഉങ്ങയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി ആക്രമിക്കാന്‍ ശ്രമിച്ചു. ഉങ്ങ രാത്രിയുടെ മറവില്‍ രക്ഷപെട്ടോടി.
പിറ്റെദിവസം പാസ്റ്റര്‍ ബിജെയ് പുസുറു രാവിലെ 9-മണിയോടെ മല്‍ക്കണ്ടിരി പോലീസ് സ്റ്റേഷനിലെത്തി സമരുവിനെ കാണാനില്ലെന്ന വിവരം ധരിപ്പിച്ചു.
ഉടന്‍തന്നെ പോലീസ് വീടും പരിസരവും പരിശോധിച്ചു. സംശയാസ്പദമായി ചിലരെ ചോദ്യം ചെയ്തു. സംശയത്തിന്റെ ദുരൂഹത മനസ്സിലായ പോലീസ് ചിലരെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതും കൊലപാതകം പുറത്തറിഞ്ഞതും.
പോലീസ് തുടര്‍ന്നു സംഭവ സ്ഥലത്തെത്തി സമരുവിന്റെ ജഡം പുറത്തെടുത്തു. പകല്‍ 2.30-ന് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചതും രാത്രിയോടെ 12-ഓടെ പ്രതികളെ പിടികൂടിയതും. സമരുവിന്റെ ചെറുപ്പത്തില്‍ മാതാവ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പിതാവ് വളരെ വാല്‍സല്യമായി വളര്‍ത്തിക്കൊണ്ടു വരികയായിരുന്നു.
ഇരുവരും 3 വര്‍ഷം മുമ്പാണ് രക്ഷിക്കപ്പെട്ട് വിശ്വാസത്തില്‍ വന്നത്. സഭയിലെ ആത്മീയ കാര്യങ്ങളില്‍ സജീവമായതുപോലെ സമരുവും സഭയ്ക്കുള്ളിലും പുറത്തും കര്‍ത്താവിനുവേണ്ടി നല്ല സാക്ഷ്യമുള്ള ദൈവപൈതലായിരുന്നു. സമരു ബൈബിളുകളും സുവിശേഷ പ്രതികളും മറ്റും യുവാക്കളുടെ ഇടയില്‍ വിതരണം ചെയ്യുമായിരുന്നു. ഇതില്‍ ഗ്രാമത്തിനുള്ളില്‍നിന്നു ശക്തമായ എതിര്‍പ്പുണ്ടായിരുന്നു.