നിക്കരാഗ്വയില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം, പാസ്റ്റര്‍ മരിച്ചു
മനാഗ്വ: മദ്ധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയില്‍ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായി ക്രൈസ്തവരും പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് വിശ്വാസികള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടു.
ആഗസ്റ്റ് 23-ന് നിക്കരാഗ്വ തലസ്ഥാനമായ മനാഗ്വയ്ക്കു 171 കിലോമീറ്റര്‍ അകലെയുള്ള മൊസോണ്ടിയില്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട നിലയില്‍ 3 മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ഇതില്‍ ഒരാളുടെ ജഡം ഇവാഞ്ചലിക്കല്‍ കാമിനോ ഡി. സാന്റിഡാഡ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ജസ്റ്റോ എമിലിയോ റോഡിഗസ് മോണ്‍കാഡ (35) യുടെ ജഡമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
മുന്‍ മാര്‍ക്സിസ്റ്റ് ഗറില്ലയായിരുന്ന നിക്കരാഗ്വ പ്രസിഡന്റായ ഡാനിയേല്‍ ഒര്‍ട്ടേഗ ഭരണകൂടത്തിനെതിരായി രാജ്യത്ത് വന്‍ ജനപ്രക്ഷോഭങ്ങളാണ് നടന്നു വരുന്നത്. ഇതിനെത്തുടര്‍ന്നു കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ 300 പേര്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 1200 പേര്‍ അറസ്റ്റിലായി.