ഞാനോ നിങ്ങളോടു കൂടെ ഉണ്ട്
“ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്” (മത്തായി28:20). വേദപുസ്തകത്തില്‍ കാണുന്ന ഏറ്റവും പ്രിയങ്കരമായ ഒരു വാക്യമാണിത്. ഇതൊരു വാഗ്ദത്തമാണ്. കര്‍ത്താവിന്റെ വചനം അനുസരിച്ച് ജീവിക്കുന്ന ഏതൊരു വ്യക്തിക്കുമുള്ള ഒരു ബൃഹത്തായ സ്വാന്തനമാണിത്.
യേശു ഭൂമിയിലെ ഐഹിക ജീവിതത്തിനിടയില്‍ തന്റെ ശിഷ്യന്മാരുമായി അനേക സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അവിടങ്ങളില്‍ ശിഷ്യന്മാര്‍ക്കും തന്നെ അനുഗമിച്ച എല്ലാവര്‍ക്കും യേശു വലിയ ഒരു അനുഗ്രഹം തന്നെയായിരുന്നു. ആവശ്യബോധത്തോടെ യേശുവിനെ സമീപിച്ചവര്‍ക്ക് യേശു നന്മയും രോഗസൌഖ്യവും അത്ഭുത വിടുതലുമൊക്കെ നല്‍കി.
യേശുവിന്റെ കൂടെ സഞ്ചരിച്ചവര്‍ക്ക് യാതൊന്നിനും മുട്ടില്ലായിരുന്നു. സംശയാലുക്കള്‍ പോലും യേശുവിന്റെ അത്ഭുത പ്രവര്‍ത്തികള്‍ക്കു മുമ്പില്‍ ആശ്ചര്യപ്പെട്ടുപോയി. കാരണം യേശു സാധാരണ വ്യക്തിയല്ല. ദൈവപുത്രന്‍ തന്നെയാണ്. അതുകൊണ്ടുതന്നെ യേശു എല്ലായ്പോഴും നമ്മുടെ കൂടെ ഉണ്ടായിരിക്കുന്നത് നമുക്ക് എറ്റവും അനുഗ്രഹം തന്നെയാണ്. നമുക്കൊരു ശക്തിയാണ് നമ്മുടെ കര്‍ത്താവ്. യേശുവിന്റെ ശിഷ്യന്മാരും അങ്ങതെന്നെ കരുതിപ്പോരുകയായിരുന്നു.
എന്നാല്‍ യേശുവുമായുള്ള അവരുടെ ഇഹലോകവാസം ഏറെ നാള്‍ നീണ്ടുനിന്നില്ല. സുവിശേഷം പ്രഘോഷിക്കുവാനായി, യേശുവിന്റെ അത്ഭുത പ്രവര്‍ത്തികള്‍ ചെയ്യുവാനായി അവരെ പരിശീലിപ്പിച്ചശേഷം മുമ്പ് വാഗ്ദത്തം ചെയ്തതുപോലെ യേശു ലോകത്തെ സകല പാപികള്‍ക്കുവേണ്ടിയും സ്വയം പ്രായശ്ചിത്തമേറ്റ് കാല്‍വറിക്രൂശില്‍ യാഗമായിത്തീര്‍ന്നു. യേശു മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ് ചില ദിവസങ്ങള്‍ക്കുശേഷം തന്റെ ശിഷ്യന്മാരായ 11 പേരെയും സന്ദര്‍ശിച്ചു.
അവരെ കര്‍ത്താവിന്റെ വേലയ്ക്കായി അയയ്ക്കുന്ന സന്ദര്‍ഭത്തില്‍ അവരോട് അവസാനമായി പറഞ്ഞ വാചകമാണ് ഞാനോ എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന വാക്യം.
യേശുവിന് ഓരോരുത്തരേക്കുറിച്ചും വ്യക്തമായ ധാരണകളുണ്ട്. 11 ശിഷ്യന്മാര്‍ക്കും 11 സ്വഭാവമായിരുന്നു. അവരുടെ വിശ്വാസത്തിലും ഏറ്റക്കുറച്ചിലുണ്ടായിരുന്നു. ഇതെല്ലാം നന്നായി അറിയാവുന്ന യേശു ആരോടും മുഖപക്ഷം കാട്ടാതെ എല്ലാവരോടും ഒരുപോലെ സംസാരിക്കുകയാണ്. യേശു ഭൂമിയില്‍ ജീവിച്ചപ്പോള്‍ തന്റെ കൂടെയുണ്ടായിരുന്ന ഈ ശിഷ്യന്മാര്‍ക്കു ഒന്നിനും മുട്ടില്ലായിരുന്നു.
എല്ലാം സുലഭം. പ്രതികൂലങ്ങള്‍ പ്രതിസന്ധികള്‍ ഒന്നും അറിയേണ്ട കാര്യം ഇല്ലായിരുന്നു. എന്നാല്‍ യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം ശിഷ്യന്മാര്‍ ലോകത്ത് സഞ്ചരിക്കേണ്ടവരാണ്. എല്ലാ ഭുഖണ്ഡങ്ങളിലൂടെയും സഞ്ചരിച്ച് സത്യ സുവിശേഷം അറിയിക്കേണ്ടവരാണ്. യേശു ചെയ്ത അത്ഭുതങ്ങളും വീര്യപ്രവര്‍ത്തികളും യേശുവിന്റെ ജഡിക അദൃശ്യസാന്നിദ്ധ്യത്തിലും ചെയ്യേണ്ടവരാണ്.
കഷ്ടതകളിലൂടെയും പ്രതിസന്ധികളിലൂടെയും സ്വയം സഞ്ചരിച്ച് യേശുവിന്റെ സാക്ഷികളാകേണ്ടവരാണ്. അപ്പോള്‍ തളര്‍ന്നു പോകാതെ ഭയന്നുപോകാതെ ധീരതയോടെ മുന്നോട്ടുപോകാനുള്ള ഒരു ഊര്‍ജ്ജം പകര്‍ന്നുകൊടുക്കുകയാണ് മത്തായി 28:20-ാം വാക്യത്തിലൂടെ യേശു ചെയ്യുന്നത്. യേശുവിന്റെ മക്കളായ, ശിഷ്യന്മാരായ നമുക്ക് ഏവര്‍ക്കും ഇന്നത്തെ ഈ സുവിശേഷ പോര്‍ക്കളത്തില്‍ യേശുവിന്റെ അദൃശ്യ സാന്നിദ്ധ്യം കരുത്തു പകരുന്നു. അവന്‍ നമ്മോടു കൂടെയുണ്ട്. നമുക്ക് ആശ്വസിക്കാം
ഷാജി. എസ്.