യിരെമ്യാവിനോടുള്ള അനുസരണക്കേടു: പാസ്റ്റർ അനു സി സാമുവേൽ, ജയ്പ്പൂർ
പ്രിയരേ, സ്നേഹവന്ദനങ്ങൾ. പിന്മാറ്റം എന്ന പ്രമേയത്തിലാസ്പദമായി ചില ധ്യാന ചിന്തകളിലൂടെയുള്ള ആത്മീക സഞ്ചാരമായിരുന്നല്ലോ പിന്നിട്ട രണ്ടു പ്രഭാതങ്ങളിലെ കുറിപ്പുകൾ. വീണ്ടും നമ്മുടെ കാതൽ പ്രമേയമായ യിരെമ്യാവിൻറെ പുസ്തകത്തിലേക്കുള്ള തുടരലിലേക്കു സ്വാഗതം.
യോഹാനാന്റെ നേതൃത്വത്തിൽ മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ തയ്യാറായി നിന്ന ശേഷിപ്പിനോട് അതിനു മുതിരരുതു എന്ന മുന്നറിയിപ്പു കൊടുക്കുന്ന യിരെമ്യാവിന്റെ വാക്കുകളാണ് യിര. 42 :7 -21 വരെയുള്ള വേദഭാഗം.
ഒന്നുകിൽ യഹൂദാ നാട്ടിൽ പാർത്തു ദൈവികപരിപാലനത്തിൽ സുരക്ഷിതരായിരിക്കുക; അല്ലെങ്കിൽ മിസ്രയീമിൽ ചെന്നു അവിടെ മരിച്ചു പോകുക (യിര. 42 :16 -18) എന്നീ ഐച്ഛികതകളിലൊന്നിന്റെ അനിവാര്യമായ തിരഞ്ഞെടുപ്പ് അവരുടെ ഭാവിയുടെ നിർണ്ണായകതയെ നിയന്ത്രിക്കുന്ന ഘടകമായി മുന്നോട്ടു വയ്ക്കപ്പെടുന്നു. ഒരു കൈകഴുകലിന്റെ ദ്യോതകമായി “യെഹൂദയിൽ ശേഷിപ്പുള്ളവരേ, നിങ്ങൾ മിസ്രയീമിൽ പോകരുതു എന്നു യഹോവ കല്പിക്കുന്നു; ഞാൻ അതു ഇന്നു നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ” (യിര. 42 :19) എന്നുകൂടെ പ്രസ്താവിച്ചപ്പോൾ കാര്യങ്ങളുടെ ഗൗരവം അൽപ്പം കൂടെ വ്യക്തമാകുന്നു.
യഹോവയുടെ അരുളപ്പാടിനായി പ്രാർത്ഥിക്കുവാൻ യിരെമ്യാവിന്റെയടുക്കൽ കൂടി വന്ന ജനത്തിന്റെ പ്രതികരണം വരുന്നതിനു മുമ്പേ, അവരുടെ പൊതുസ്വഭാവത്തിന്റെ ഒരു ക്രോഡീകൃതഭാഷ്യം ചരിത്രത്തിന്റെ പിൻബലത്തോടെ പ്രവാചകൻ അവതരിപ്പിച്ചത് ശ്രദ്ധേയമാണ്.
“ഞാൻ ഇന്നു അതു നിങ്ങളോടു അറിയിക്കയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു, ഞാൻ മുഖാന്തരം അവൻ നിങ്ങളോടു അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നേ ചതിച്ചിരിക്കുന്നു. ആകയാൽ നിങ്ങൾ ഇപ്പോൾ ചെന്നു പാർപ്പാൻ ആഗ്രഹിക്കുന്ന സ്ഥലത്തുവെച്ചു നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്നു അറിഞ്ഞുകൊൾവിൻ” (യിര. 42 :21 ; 40 :3 ; ഒ. നോ. യെഹെ. 2 :7 ; 12 :2).
യിരെമ്യാവിന്റെ വാക്കുകളെ അനുസരിക്കാതെയുള്ള ജനത്തിന്റെ നീക്കങ്ങളെപറ്റി “ഇതിൽ നിങ്ങൾ നിങ്ങളെത്തന്നേ ചതിച്ചിരിക്കുന്നു” എന്ന പദം വിശേഷാൽ കുറിക്കൊള്ളേണ്ടതു തന്നെ. ഇതേ നിലയിലുള്ള ഒരു പ്രയോഗം പുതിയ നിയമത്തിലും കാണുന്നത് ഓർക്കുമല്ലോ. “എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ” (യാക്കോ. 1 :22).
വചനത്തോടുള്ള അനുസരണമാണ് ദൈവത്തോടുള്ള സമർപ്പണം. വചനത്തോളം പ്രാധാന്യം ദൈവത്തിനുണ്ടെന്നുള്ള തിരിച്ചറിവാണ് ഗൗരവതരമായ ജീവിതത്തിനു നമ്മെ യോഗ്യരാക്കുന്നതു. തിരുവെഴുത്തുകളാൽ മാത്രമേ സ്ഥിരതയും, ആശ്വാസവും, പ്രത്യാശയും ഉളവാകുകയുള്ളൂ (റോമ. 15 :4) എന്നു നാം പഠിക്കണം. യിസ്രായേൽ അസ്ഥിരരും ചാഞ്ചാട്ടക്കാരുമായതിന്റെ പിന്നിൽ അവർ അവലംബിച്ചു വന്ന അനുസരണക്കേടായിരുന്നു എന്ന വ്യക്തമായ സൂചന നല്കുകയാണിവിടെ. അതിന്റെ പരിണിതിയോ, വാളും ക്ഷാമവും മഹാമാരിയും ആത്യന്തികമായ മരണവും.
ചരിത്രപരമായി യിസ്രായേൽ വരുത്തിയ സ്ഖലിതങ്ങളുടെ നീണ്ട പട്ടിക ന്യായാധിപന്മാരുടെ പുസ്തകം തുടങ്ങിയിങ്ങോട്ടു നിരവധിയുണ്ട്. എല്ലായിടത്തും പൊതുവെ സ്ഥായിയായ പിന്മാറ്റവും താത്കാലിക മാനസാന്തരവുമായിരുന്നു യിസ്രായേലിന്റെ പൊതുമനോഭാവം. ആയതിനാൽ തന്നെ അവർ അനുഭവിച്ചു തീർത്ത തകർച്ചകളും നിന്ദകളും അസംഖ്യവുമായിരുന്നു.
ചുറ്റുമുള്ള ജാതികൾക്കു പരിഹാസവും പഴഞ്ചൊല്ലുമായി മാറിയ യഹോവയുടെ ജനം മടങ്ങിവരവിന്റെ സന്ദേശങ്ങളോടുള്ള നിഷേധപ്രതികരണങ്ങളുടെ ഉടമകളായപ്പോൾ അടിമത്വത്തിന്റെ ഇരകളായി തീർന്ന പരിണിതി ദുഃഖത്തിന്റെ പര്യവസാനമായി വേദപുസ്തകത്താളുകളിൽ കുറിച്ചിട്ടുണ്ട്.
പ്രിയരേ, വചനത്തോടുള്ള നമ്മുടെ പ്രതികരണത്തെ ആശ്രയിച്ചാണ് നമ്മുടെ അനുഗ്രഹപ്രാപ്തിയെന്നു നാം പഠിക്കണം. “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ ” (ലൂക്കോ. 11 :28) എന്ന യേശുകർത്താവിന്റെ വാക്കുകൾക്കു കാലാതീതപ്രസക്തിയുണ്ടല്ലോ. സദൃ. 8 :32 ; ലൂക്കോ. 6 :46 – 48 ; 8 :21 ; യോഹ. 14 :21 ; വെളി. 1 :3 മുതലായ തിരുവചനഭാഗങ്ങൾ വായിച്ചു ധ്യാനിക്കേണമേ!
മുൻകാല ചരിത്രം വീണ്ടും ആവർത്തിക്കാതിരിക്കുവാനുള്ള മുന്നറിയിപ്പിനോടുള്ള അവരുടെ പ്രതികരണം അടുത്ത പ്രഭാതത്തിൽ നമുക്കു ധ്യാനിക്കാം.
ഒരു നല്ല ദിനത്തിന്റെ ആശംസകളോടെ
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ അനു സി സാമുവേൽ, ജയ്പ്പൂർ.
Comments are closed.