മരിച്ചു 45 മിനിറ്റിനുശേഷം ഉയിര്‍പ്പു പ്രാപിച്ചു; മരണാനന്തര ജീവിതത്തിനു സാധൂകരണം
ഫ്ളോറിഡ: മനുഷ്യ വര്‍ഗ്ഗത്തിനു മരണത്തിനപ്പുറത്തൊരു ജീവിതമുണ്ടെന്നുള്ള ബൈബിള്‍ സ്ഥിരീകരണത്തിനു പിന്‍ബലമേകുന്ന ഏറ്റവും പുതിയ വാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്.
അമേരിക്കയില്‍ ഫ്ളോറിഡക്കാരി യുവതി മരിച്ച് 45 മിനിറ്റിനുശേഷം ജീവിതത്തിലേക്കു മടങ്ങിവന്ന സംഭവമാണ് വാര്‍ത്തയായത്. റൂബി ഗ്രൌപേറ കാസിമിറോ (40) എന്ന വീട്ടമ്മ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാനുള്ള സിസേറിയനിടയില്‍ ശരീരം പൂര്‍ണ്ണമായും നിശ്ചലമായതിനെത്തുടര്‍ന്ന് മരിച്ചെന്ന് ഡോക്ടര്‍മാര്‍ പ്രാഥമികമായി വിധിയെഴുതുകയും 45 മിനിറ്റിനുശേഷം ജീവന്‍ വയ്ക്കുകയും ചെയ്തതാണ് വാര്‍ത്ത.
ഫ്ളോറിഡയിലെ ബോക്കാ റാട്ടണ്‍ റീജിയണല്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23-നായിരുന്നു റൂബിയെ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ പുറത്തെടുത്തു കഴിഞ്ഞപ്പോള്‍ ഇവരുടെ ശ്വാസം നിലയ്ക്കുന്നതായി ഡോക്ടര്‍മാര്‍ മനസ്സിലാക്കി. ഇതേത്തുടര്‍ന്ന് റൂബിയെ റിക്കവറി റൂമിലേക്കു കൊണ്ടുപോയി. ഡോക്ടര്‍ മൈക്കിള്‍ ഫ്ളെക്ച്ചറിന്റെ നേതൃത്വത്തില്‍ വിദഗ്ധരായ ഡോക്ടര്‍മാരും നേഴ്സ് ക്ലയര്‍ ഹാന്‍സന്റെ നേതൃത്വത്തില്‍ നേഴ്സുമാരും പരിചരിച്ചു. ഈ സമയത്ത് റൂബിയുടെ നാഡിമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വാസോച്ഛ്വാസം എന്നിവ പൂര്‍ണ്ണമായും നിലച്ചുപോയിരുന്നതായി ഡോക്ടര്‍ മൈക്കിള്‍ പറഞ്ഞു.
വൈദ്യശാസ്ത്രപരമായി മരണമെന്ന് വിളിക്കാവുന്ന അവസ്ഥ. ഈ സമയത്ത് റൂബിയുടെ ശരീരം മൃതശരീരം പോലെയായി. ഐസ് പോലെ തണുത്തു. ചുണ്ടിന് നിറം മങ്ങി വരണ്ടിരുന്നെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി 45 മിനിറ്റിനുശേഷം എല്ലാം പഴയതുപോലെയായി. റൂബിയുടെ ജീവന്‍ തിരികെവന്നു. വീണ്ടും പരിശോധന. റൂബിക്ക് കുഴപ്പമൊന്നുമില്ലെന്ന് തെളിഞ്ഞു.
മരിച്ചെന്നു വിധിയെഴുതിയ സമയത്തെക്കുറിച്ച് റൂബി പറയുന്നു: “താന്‍ ഉറങ്ങുന്നതുപോലെ തോന്നി. താന്‍ ഒരു കുഴലിലൂടെ ഒഴുകി നടക്കുകയായിരുന്നെന്നും ഇതിനിടയില്‍ മരിച്ചുപോലെ തന്റെ പിതാവിനെപ്പോലെ ഒരാളെ വലിയ പ്രകാശത്തിന്റെ പശ്ചാത്തലത്തില്‍ കണ്ടിരുന്നെന്നും റൂബി പറഞ്ഞു. ഒഴുകി നീങ്ങുന്നതിനിടയില്‍ ആത്മാവിനെപ്പോലെ എന്തോ ഒന്ന്, അത് എന്റെ പിതാവാണെന്ന് വിശ്വസിക്കുന്നു. ഒന്നിനേയും ഭയപ്പെടേണ്ടതില്ലാത്ത ഒരു സമാധാനം തോന്നി. ഒന്നിനും തടയാനാകാത്ത ഏതോ ശക്തി പിടിച്ചു വലിക്കുന്നതുപോലെ. ഇടയ്ക്ക് ഒന്നു നിന്നിട്ട് ഇത് നിന്റെ സമയമല്ല എന്നു പറഞ്ഞു. പിന്നീട് തിരിച്ചുപോയി”. എല്ലാം ദൈവത്തിന്റെ അത്ഭുതം.
റൂബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ബന്ധുക്കള്‍ മറ്റൊരു മുറിയില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. തനിക്ക് പിറഞ്ഞ പെണ്‍കുഞ്ഞ് ടെയിലിയുമായി റൂബി നവംബര്‍ 4-ന് ഇതേ ആശുപത്രിയില്‍ പരിശോധനയ്ക്കു വന്നപ്പോള്‍ ആശുപത്രിയില്‍ എങ്ങും സന്തോഷം അലതല്ലി. മരണത്തിനുശേഷം ആത്മാവ് മടങ്ങിവന്നു പുതുജീവന്‍ പ്രാപിച്ചവര്‍ അനേകരാണ്. ഇങ്ങനെയുള്ളവരുടെ സാക്ഷ്യങ്ങള്‍ മുമ്പ് വാര്‍ത്തകളായിട്ടുണ്ട്.

