ബാബിലോണ്യര്‍ യെരുശലേം തകര്‍ത്ത കാലത്തെ അവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തു
യെരുശലേം: 2600 വര്‍ഷങ്ങള്‍ക്കു മുമ്പ് ബാബിലോണ്യക്കാര്‍ യെരുശലേം തകര്‍ത്തു തരിപ്പണമാക്കിയ കാലത്തുണ്ടായിരുന്ന സാധന സാമഗ്രികളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തു.
യെരുശലേമിലെ ദാവീദിന്റെ നഗരം എന്ന പേരില്‍ അറിയപ്പെടുന്ന സിറ്റിയില്‍ ഗവേഷകര്‍ നടത്തിയ ഉല്‍ഖനനത്തില്‍ കത്തിനശിച്ച തടിക്കഷണങ്ങള്‍ , മുന്തിരി അരികള്‍ , മണ്‍ പാത്രങ്ങള്‍ , മത്സ്യത്തിന്റെ ചെതുമ്പലുകളും മുള്ളുകളും അടങ്ങിയ അവശിഷ്ടങ്ങള്‍ എന്നിവ ഗവേഷകര്‍ കുഴിച്ചെടുത്തു.
യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ കീഴിലുള്ള ഗവേഷകര്‍ ദൈവീദിന്റെ നഗരത്തിലെ നാഷണല്‍ പാര്‍ക്കിനു സമീപം മണ്ണു നീക്കി നടത്തിയ പരിശോധനയിലാണ് അന്നത്തെ സമൃദ്ധിയില്‍ ജീവിച്ചിരുന്ന യെരുശലേം നഗരത്തിന്റെ പെട്ടന്നുണ്ടായ തകര്‍ച്ചയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
യഹൂദ രാജ്യത്തിന്റെ തലസ്ഥാന നഗരിയായിരുന്ന യെരുശലേം അന്ന് അറിയപ്പെടുന്ന സമ്പുഷ്ട നഗരിയായിരുന്നു. ഇവിടെനിന്നും ചില ജാറുകള്‍ , രാജാവിന്റെ മുദ്ര, ആഭരണങ്ങള്‍ , ഈജിപ്ഷ്യയന്‍ ശൈലിയില്‍ ജീവിച്ചിരുന്ന ഒരു വനിതയുടെ നഗ്ന ശരീരത്തിന്റെ തകര്‍ന്ന പ്രതിമ എന്നിവയും കുഴിച്ചെടുത്തതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡയറക്ടര്‍മാരായ ഓര്‍ട്ടന്‍ ചലാഫും, ജോ ഉസിയേലും അഭിപ്രായപ്പെടുന്നു.
യെരുശലേം ബാബിലോണ്യക്കാര്‍ പിടിച്ചെടുക്കുന്നതിനു മുമ്പ് ഇവിടത്തെ ജീവിത നിലവാരം വലിയ സമൃദ്ധിയുടേതായിരുന്നു.

