സുവിശേഷ പ്രചരണം; പ്രമുഖ പാസ്റ്ററുടെ ഫെയ്സ് ബുക്ക് പേജിന് നിരോധനം
കാലിഫോര്‍ണിയ: ഫെയ്സ് ബുക്കിലൂടെ സുവിശേഷ പ്രചരണങ്ങള്‍ നടത്തുന്ന പ്രമുഖ അമേരിക്കന്‍ പാസ്റ്ററുടെ അക്കൌണ്ട് പേജിന് ഫെയ്സ് ബുക്ക് നിരോധനം ഏര്‍പ്പെടുത്തി.
യു.എസിലെ കാലിഫോര്‍ണിയയിലെ സാന്‍ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്.എ. ക്രിസ്ത്യന്‍ ചര്‍ച്ച് നേതാവ് പാസ്റ്റര്‍ സ്റ്റീവന്‍ ആന്‍ഡ്രുവിന്റെ ഫെയ്സ് ബുക്ക് പേജിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 20 മില്യണ്‍ ആളുകള്‍ പ്രയോജനപ്പെടുത്തിവരുന്ന തന്റെ ഫെയ്സ് ബുക്ക് പേജിനാണ് നിരോധനം.
ഫെയ്സ് ബുക്കിലൂടെയുള്ള തന്റെ സുവിശേഷ പ്രവര്‍ത്തനത്തിനു ദിനംപ്രതി ശ്രോതാക്കള്‍ കൂടികൂടി വരുന്നതില്‍ അസ്വസ്ഥതപൂണ്ടവരാണ് ഈ നടപടിക്കു പിന്നിലെന്ന് പാസ്റ്റര്‍ സ്റ്റീവന്‍ ആരോപിക്കുന്നു.
സ്റ്റീവന്‍ 25 തരത്തിലുള്ള മിനിസ്ട്രിയാണ് ചെയ്തു വരുന്നത്. ഇതില്‍ പാവങ്ങള്‍ക്ക് ധനസഹായവും അനാഥര്‍ക്ക് ആശ്രയ കേന്ദ്രങ്ങളുമൊക്കെ ഉള്‍പ്പെടും. ഫെയ്സ് ബുക്കിന്റെ ഈ നിരോധനത്തെത്തുടര്‍ന്ന് തന്റെ ശുശ്രൂഷയ്ക്കും, മിനിസ്ട്രിക്കുവേണ്ട ധനശേഖരണ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് പാസ്റ്റര്‍ സ്റ്റീവന്‍ ആശങ്ക അറിയിക്കുന്നു.
ഒരു മില്യണ്‍ ജനത്തെ താന്‍ ദൈവത്തിന്റെ വഴിയിലൂടെ നയിക്കുന്നു. നിരവധി ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് പാസ്റ്റര്‍ സ്റ്റീവന്‍ . ഫെയ്സ് ബുക്കിലൂടെ സുവിശേഷ പ്രസംഗങ്ങള്‍ നടത്തുന്നത് അനേകര്‍ക്ക് ആശ്വാസവും വിടുതലുമാണ്. ഇത്രയധികം ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുവാനുള്ളതന്റെ കഴിവിനെ കണ്ടിട്ട് ആളുകള്‍ ‘ഫെയ്സ് ബുക്ക് പാസ്റ്റര്‍ ’ എന്നാണ് വിളിക്കുന്നത്.
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ അനുകൂലിക്കുന്ന പാസ്റ്റര്‍ സ്റ്റീവനെ പലരും കണ്ണിലെ കരടായാണ് കാണുന്നത്. തന്റെ പല പ്രസംഗങ്ങളും സുവിശേഷ പ്രോഗ്രാമുകളും ഫെയ്സ് ബുക്ക് ചില സന്ദര്‍ഭങ്ങളില്‍ പ്രസിദ്ധീകരിക്കാറില്ലെന്നും പാസ്റ്റര്‍ സ്റ്റീവന്‍ ആരോപിക്കുന്നു.
സകലവിധ മ്ലേച്ഛതകള്‍ക്കും ഇടം ലഭിക്കുന്ന ഫെയ്സ്ബുക്കില്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം പ്രഘോഷിക്കുന്ന പേജുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സ്ഥാപനത്തിന്റെ നടപടിയില്‍ പതിനായിരങ്ങളാണ് പ്രതിഷേധിച്ചത്.

