തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തു നിന്നും ചാത്തനേറ് കഥകളും കിംവതന്ദികളും ധാരാളം ഉണ്ടായിട്ടുണ്ട്. ഇത്തരം കഥകള്‍ക്ക് മേമ്പൊടി കൂടിയാകുമ്പോൾപലപ്പോഴും ആധികാരികതയും കൈവരും. അത്തരമൊരു കഥയാണ് കാട്ടാക്കടയ്ക്ക് സമീപത്തെ മംഗലക്കല്‍ പ്ലാവൂരില്‍ ഉണ്ടായത്.
ഒരു വീട്ടിലെ സാധനങ്ങള്‍ തനിയെ വീണുടഞ്ഞ നിലയിലാണ് കാണപ്പെട്ടത്. ഇതോടെ പലരും ചാത്തനേറാണെന്ന് സംശയിച്ചു. ഇതോടെ വീട്ടിലെ അസ്വഭാവിക സംഭവങ്ങളെ കുറിച്ച് കേട്ടറിഞ്ഞ ആളുകള്‍ വീട്ടിലേക്ക് ഒഴുകിയെത്തി.
ചാത്തനേറാണെന്ന കഥയും പരന്നു. ഒടുവില്‍ വീട്ടിലേക്ക് ആളുകള്‍ പ്രവഹിച്ചതോടെ കാട്ടക്കട സിഐ എടക്കമുള്ളവര്‍ സ്ഥലത്തെത്തി.
പ്ലാവൂര്‍ തട്ടാംവിളാകം സുരേഷിന്റെ വീട്ടിലാണ് അസ്വഭാവിക സംഭവങ്ങള്‍ നടന്നത്. വീട്ടിലെ സാധനങ്ങള്‍ അന്തരീക്ഷത്തിലൂടെ പറന്നു പോയെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഇന്നലെ രാവിലെയോടെയാണ് വീട്ടുകാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കിയ സംഭവം ഉണ്ടായത്.
അടുക്കളയിലെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന അച്ചാര്‍ കുപ്പി അന്തരീക്ഷത്തിലൂടെ പറന്നു ഹാളില്‍ വീണുടഞ്ഞു, മേശപ്പുറത്തിരുന്ന അയണ്‍ ബോക്സ് പത്തടിയോളം ദൂരത്തു തെറിച്ചു വീണു തുടങ്ങിയ അസ്വാഭാവിക സംഭവങ്ങളാണ് നടന്നത്. ഇതിനിടെ ഹാളില്‍ കിടന്നിരുന്ന കസേര തെറിച്ചു മാറിയെന്നും വീട്ടമ്മയായ രാഗിണി പറഞ്ഞു.
ഇങ്ങനെ അസ്വഭാവിക സംഭവം നടക്കുമ്ബോള്‍ വീട്ടമ്മയും ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥിയായ മകന് ഗോവിന്ദും മാത്രമാണ് ഉണ്ടായിരുന്നത്. സമാനമായ അനുഭവം ആദ്യമായല്ലെന്നാണ് ഇവര്‍ പറയുന്നത്. പലപ്പോഴും ഇത്തരത്തില്‍ വീട്ടില്‍ നിന്നും സാധനങ്ങള്‍ വീണുടഞ്ഞിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ചില സമയങ്ങളില്‍ ഭര്‍ത്താവായ സുരേഷും സംഭവങ്ങള്‍ക്കു സാക്ഷിയാണെന്നും രാഗിണി പറഞ്ഞു. ഒരാഴ്ചയായി വീടിനുള്ളില്‍ അസ്വാഭാവികമായ ശബ്ദങ്ങള്‍ കേട്ടതായും ശബ്ദംകേട്ട ഭാഗത്തു എത്തി പരിശോധിക്കുമ്ബോള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല എന്നും ഇവര്‍ പറയുന്നു.
ഇത് മാത്രമല്ല, സംഭവമെന്നാണ് വീട്ടമ്മ പറയുന്നത്. ഒരിക്കല്‍ വീട്ടില്‍ പാചകം ചെയ്യാനായി അടുപ്പില്‍ വച്ച അടുത്ത മുറിയില്‍ പോയ സമയം പാത്രത്തോടെ മീന്‍കറി നിലത്തു വീണുമെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ഇന്നലെ തീര്‍ത്തും അസ്വഭാവികമായ സംഭവം അരങ്ങേറിയപ്പോഴാണ് വീട്ടുകാര്‍ അയല്‍വാസികളോട് കാര്യം പറഞ്ഞത്. ഇതോടെയാണ് നാട്ടുകാര്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് ബന്ധു വീടിനുള്ളില്‍ പരിശോധന നടത്തവേ വെള്ളം നിറച്ച ജഗ് ഇയാളുടെ ശരീരത്തില്‍ പതിക്കുകയും ചെയ്തതോടെ കടുത്ത ആശങ്കയായി. ചാത്തനേറെന്ന് ശങ്ക പരന്നതോടെ മാദ്ധ്യമ പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇതോടെ എന്തോ ഒരു സാധനം പത്രക്കാരന്റെ തലയിലും പതിച്ചു.
ഇതോടെ നാട്ടുകാരും പരിഭ്രാന്തരായി. സംഭവ സമയം കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് ,പഞ്ചായത്തു അംഗങ്ങള്‍ തുടങ്ങിയവരും വീട്ടിലുണ്ടായിരുന്നു. ഇതിനിടെ ചിലര്‍ അസ്വാഭാവിക സംഭവങ്ങളെ കുറിച്ചു പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീട്ടുകാരെയും നാട്ടുകാരില്‍ ചിലരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം തല്ക്കാലം ഇവരോട് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശിച്ചു.
അതേസമയം സംഭവത്തെ കുറിച്ച് കേട്ടറിഞ്ഞ് ജനപ്രവാഹം തന്നെയാണ് വീട്ടിലേക്കെത്തിയത്. ഇതോടെ വീണ്ടും പൊലീസിന് ഇവിടെയെത്തേണ്ടി വന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ നിരീക്ഷണം നടത്തിയാലെ കാരണം കണ്ടെത്താനാകു എന്നാണു പൊലീസ് പറയുന്നത്. ചാത്തനേറാണെന്ന വാദത്തെ പലരും തള്ളിക്കളയുന്നുണ്ട്. പൊലീസ് മറയില്‍ കൈകാര്യം ചെയ്താല്‍ വിഷയം എളുപ്പം കണ്ടെത്താന്‍ സാധിക്കുമെന്നാണ് നാട്ടുകാരില്‍ ചിലരുടെ പക്ഷം.

