പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ടിവി സ്റ്റേഷന്‍ അഗ്നിക്കിരയാക്കി
കറാച്ചി: പാക്കിസ്ഥാനില്‍ വെബ് ടെലിവിഷന്‍ ചാനല്‍ സ്റ്റേഷന്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ചു.
കറാച്ചിയിലെ അക്തര്‍ കോളനിയിലെ സി-സെക്ടറില്‍ സെന്റ് പീറ്റേഴ്സ് ചര്‍ച്ചിനു സമീപമുള്ള നാലു നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ‘ഗവാഹി ടിവി’ എന്ന വെബ് ടിവി ചനലിന്റെ സംപ്രേക്ഷണ ഓഫീസ് കെട്ടിടമാണ് തീവെച്ചു നശിപ്പിച്ചത്.
നവംബര്‍ 25-ന് ബുധനാഴ്ച പുലര്‍ച്ചെ 2.30-ന് മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ ഓഫീസിന്റെ പൂട്ടൂ തല്ലിത്തകര്‍ത്തു അകത്തു കയറി എന്തോ രാസ പദാര്‍ത്ഥങ്ങള്‍ തളിച്ചശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ഗവാഹി ചാനല്‍ മാനേജിംഗ് ഡയറക്ടറും ഉടമയുമായ സര്‍ഫറസ് വില്യം പറഞ്ഞു.
ഓഫീസിനുള്ളിലുണ്ടായിരുന്ന കമ്പ്യൂട്ടറുകള്‍ , കേബിളുകള്‍ , ഇലക്ട്രിക് ഉപകരണങ്ങള്‍ , തടി ഫര്‍ണീച്ചറുകള്‍ , ബൈബിളുകള്‍ , നിരവധി ക്രൈസ്തവ ഗ്രന്ഥങ്ങള്‍ എന്നിവ പൂര്‍ണ്ണമായി കത്തിയമര്‍ന്നു. ഓഫീസിനുള്ളിലും പുറത്തും സ്ഥാപിച്ച സി.സി. ക്യാമറായും തകര്‍ക്കപ്പെട്ടതായി സര്‍ഫറസ് പറഞ്ഞു.
ചാനലിന്റെ നാലു മുറികളിലായി പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയിലേക്കും തീ ബാധിച്ചിട്ടിട്ടുണ്ട്. 2013 ഫെബ്രുവരിയിലാണ് ഗവാഹി ടിവി ചാനല്‍ ആരംഭിച്ചത്. കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് സഭകള്‍ തുടങ്ങി എല്ലാ ക്രൈസ്തവ സഭകളുടെയും സഹകരണത്തോടുകൂടി ആരംഭിച്ച ചാനലില്‍ 24 മണിക്കൂറും സുവിശേഷ പ്രസംഗങ്ങള്‍ , ക്രിസ്തീയ ഗാനങ്ങള്‍ തുടങ്ങി ക്രൈസ്തവ പ്രചോദനങ്ങള്‍ ഉള്‍പ്പെട്ട പരിപാടികള്‍ ടെലികാസ്റ്റു ചെയ്തു വരികയായിരുന്നു.
12 മില്യണ്‍ ആളുകള്‍ ഇതിന്റെ ദര്‍ശകരായുണ്ടായിരുന്നതായും, യേശുക്രിസ്തുവിന്റെ സുവിശേഷത്തിനു പ്രാധാന്യം നല്‍കിയാണ് ചാനല്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും, 7 മാസമായി നിരവധി ഭീഷണികള്‍ ഉണ്ടായിരുന്നതായും സര്‍ഫറസ് പറഞ്ഞു. സംഭവത്തില്‍ മുസ്ലീം മത മൌലിക വാദികളാണെന്നാണ് സംശയിക്കുന്നത്.
ആരേയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. സംഭവം ഉണ്ടായ ശേഷം ആദ്യം ഓടിയെത്തിയവര്‍ പോലീസിലും ഫയര്‍ ഫോഴ്സിലും വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സ് സംഘവും എത്തി തീ അണയ്ക്കുവാന്‍ ശ്രമം നടത്തിയെങ്കിലും പരിപൂര്‍ണ്ണമായി വിജയിച്ചില്ല.
സംഭവത്തിനു പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് പോലീസ് ആദ്യം പറഞ്ഞെങ്കിലും കൂടുതല്‍ അന്വേഷണം നടത്താമെന്ന് അവര്‍ പറഞ്ഞു.

