ദൈവത്തിന്റെ തുരുത്തിയിലെ ഒഴുകിപ്പോകാത്ത കണ്ണുനീർ..! (ലേഖനം)
ഷൈജു ഡാനിയേൽ അടൂർ
ആടുകളെ വിവിധ ഇടങ്ങളിലേക്ക് മേയുവാന്‍ വിട്ടതിനനന്തരം മോശ എന്ന മനുഷ്യന്‍ മാറിയിരുന്ന കരഞ്ഞ ഒരു മരുഭൂമിയുണ്ട്…ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ട്ടബോധങ്ങളും ഭയങ്ങളും നിമിത്തമുള്ള ആശങ്കകള്‍….
ഒട്ടും പ്രതീക്ഷയില്ലാത്ത ഒരു ഭാവി …..ആ ഭക്തന്റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ ഓരോ കണ്ണുനീര്‍ കണങ്ങളും ആ മരുഭൂമിയുടെ ചുട്ടുപഴുത്ത മണ്ണടരുകള്‍ ആര്‍ത്തിയോടെ സ്വീകരിച്ചു……
കാട്ടുമൃഗങ്ങള്‍ അതിന്‍ മുകളിലൂടെ കയറിയിറിയങ്ങി….പെയ്തിറങ്ങിയ പെരുമഴ അവയെ മായിച്ചിട്ടുണ്ടാകാം….പൊഴിഞ്ഞുവീണ മഞ്ഞുകണങ്ങള്‍ അവയെ ഒപ്പിയെടുത്തിട്ടുണ്ടാകാം….
കാലം ആ നിയോഗമുള്ളവന്റെ കണ്ണുനീര്‍ മായ്ച്ചുകളഞ്ഞെങ്കിലും കാലാതീതനായവന്‍ ആ കണ്ണുനീരുകളെല്ലാം അവിടുത്തെ തുരുത്തിയില്‍ ആര്‍ക്കും മായ്ക്കുവാന്‍ കഴിയാത്തവിധം സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു!!
കരഞ്ഞിരുന്നവനെ കാത്തിരുന്നത് മഹാനിയോഗമായിരുന്നതിനാല്‍ അവനെ ഹോരേബിന്റെ നെറുകയിലേക്ക് ദൈവം ക്ഷണിച്ചുവരുത്തി….
ഇരുമ്പുനുകത്തിന്റെ കീഴില്‍ അകപ്പെട്ടുപോയ മഹാജനസഞ്ചയത്തിന്റെ കെട്ടഴിച്ചുകൊണ്ടുവരുവാന്‍ ഉള്ള അധികാരകൈമാറ്റം അവനു നല്‍കി….
ചില ദിവസങ്ങള്‍ കൂടെ കഴിഞ്ഞപ്പോള്‍ പ്രതീക്ഷയറ്റവനെപ്പോലെ കരഞ്ഞിരുന്ന അതേ മരുഭൂമിയിലൂടെ ലക്ഷോപലക്ഷം പുരുഷാരത്തിന്‍റെ നായകനായി തിരികെ വരുന്നു.
ആ വരുന്ന വരവിൽ മരുഭൂമി ആനന്ദിച്ചു…..മോശയുടെ കണ്ണുനീരുകള്‍ സ്വീകരിച്ച മരുഭൂമിയിലെ മണല്‍ തരികള്‍ മുഴുവന്‍ അവന്റെ മടക്കയാത്രയില്‍ എഴുന്നേറ്റുനിന്നു സാക്ഷിച്ചു, ഇവനായിരുന്നു ഇവിടെയിരുന്നു കരഞ്ഞവന്‍!!
കാലവും കാലവര്‍ഷവും മഞ്ഞും മൃഗങ്ങളും മനുഷ്യരും നാമൊഴുക്കിയ കണ്ണുനീര്‍ മായ്ച്ചുകളഞ്ഞാലും ദൈവത്തിന്റെ തുരുത്തിയിലെ കണ്ണുനീര്‍ ശേഖരം മായ്ക്കപ്പെടുന്നില്ല….നിയോഗമുള്ളവന്‍, അവനൊഴുക്കിയ കണ്ണുനീര്‍ വീണുകുതിര്‍ന്ന മണ്ണിനെ ചവുട്ടി തിരികെ വരും!!
വ്യഥയിലാക്കിയതിന്‍റെ മുകളില്‍ ചവുട്ടി നമുക്കൊരു മടക്കമുണ്ട്. തല താഴ്ത്തപ്പെട്ട ഇടങ്ങളിലൂടെ ഒരു തിരിച്ചുവരവുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിലൂടെ ഒരു പുനര്‍സഞ്ചാരമുണ്ട്. അവഗണിക്കപ്പെട്ട ഇടങ്ങളിലൂടെ അധികാരിയായി ഒരു കടന്നുപോക്കുണ്ട്!!
Shyju Daniel Adoor

