ടെമ്പിള്‍ മൌണ്ടിനു സമീപം 7-മത്തെ നൂറ്റാണ്ടിലെ അപൂര്‍വ്വ മെനോറ പെന്‍ഡന്റ് കണ്ടെത്തി
യെരുശലേം: യെരുശലേം ദൈവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിനു സമീപം 1300 വര്‍ഷം പഴക്കമുള്ള വളരെ അപൂര്‍വ്വമായ ഒരു ലെഡ് (ഈയം) പെന്‍ഡന്റ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
ഇപ്പോള്‍ ടെമ്പിള്‍ മൌണ്ട് എന്നറിയപ്പെടുന്ന സ്ഥലത്ത് തെക്കു പടിഞ്ഞാറന്‍ മൂലയ്ക്കു താഴെ ഏഴ് ശാഖകളുള്ള മെനോറകൊണ്ട് അലങ്കരിച്ച പെന്‍ഡന്റാണ് കണ്ടെടുത്തത്.
യഹൂദര്‍ക്ക് നഗരത്തില്‍ പ്രവേശിക്കുന്നത് ഔദ്യോഗികമായി വിലക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ യെരുശലേമിലെ യഹൂദ സാന്നിധ്യത്തിലേക്ക് ഇത് പുതിയ വെളിച്ചം വീശുന്നു.
ഡേവിഡ്സണ്‍ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ സിറ്റി ഓഫ് ഡേവിഡ് ഫൌണ്ടേഷനുമായും യഹൂദ ക്വാര്‍ട്ടറിന്റെ പുനഃസ്ഥാപനത്തിനും വികസനത്തിനുമുള്ള കമ്പനിയുമായും സഹകരിച്ച് വലിയ തോതിലുള്ള ഖനനങ്ങള്‍ നടത്തി വരുന്ന യിസ്രായേല്‍ പുരാവസ്തു വകുപ്പാണ് ഈ കണ്ടെത്തല്‍ അറിയിച്ചത്.
ആറാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലുള്ള ബൈസെന്റൈന്‍ കാലഘട്ടത്തിലെ ഈ പെന്‍ഡന്റ് യെരുശലേമില്‍ ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും അപൂര്‍വ്വമായ യഹൂദ പുരാവസ്തുക്കളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.
മെനോറ ചിഹ്നം വഹിക്കുന്ന മറ്റൊരു പുരാതന ലെഡ് പെന്‍ഡന്റ് മാത്രമേ ലോകമെമ്പാടും അറിയപ്പെടുന്നുള്ളു. നിലവില്‍ ഇത് ബാള്‍ട്ടിമോറിലെ വാള്‍ട്ടേഴ്സ് ആര്‍ട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
ഒരു പഴയ കെട്ടിടത്തിനുള്ളിലെ അവശിഷ്ടങ്ങളുടെ ഒരു പാളിയില്‍ നിന്നാണ് ഈ പുരാവസ്തു കണ്ടെത്തിയത്. ഗവേഷകര്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ഇതില്‍ ഏകദേശം 99 ശതമാനം ലെഡ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

