മതപരിവര്‍ത്തന നിരോധന നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി രാജസ്ഥാന് സര്‍ക്കാരിനോട് വിശദീകരണം തേടി
ന്യൂഡെല്‍ഹി: 2025-ലെ രാജസ്ഥാന് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ സുപ്രീം കോടതി രാജസ്ഥാന് സര്‍ക്കാരിനു നോട്ടീസ് അയച്ചു.
ജയ്പൂര്‍ കാത്തലിക് വെല്‍ഫെയര്‍ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട ശേഷം ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് രാജസ്ഥാന് സര്‍ക്കാരില്‍നിന്ന് നാലാഴ്ചയ്ക്കുള്ളില്‍ പ്രതികരണം തേടി.
നിയമം ഭരണഘടനാപരമായി പിഴവുള്ളതാണെന്നും നിലവിലുള്ള സുപ്രീം കോടതി വിധികള്‍ക്ക് വിരുദ്ധമാണെന്നും ജയ്പൂര്‍ കാത്തലിക് വെല്‍ഫെയര്‍ സൊസൈറ്റി അവരുടെ ഹര്‍ജിയില്‍ വാദിച്ചു.
നിയമം നടപ്പിലാക്കുന്നതില്‍ സംസ്ഥാന നിയമസഭ അതിന്റെ അധികാരം മറികടന്നുവെന്നും അവര്‍ വാദിച്ചു.
ഒരു വസ്തുവില്‍ കൂട്ട മതപരിവര്‍ത്തനം നടത്തിയാല്‍ ആ സ്ഥലം മാറ്റുന്നതിനും ഭരണകൂടം കണ്ടുകെട്ടുന്നതിനും വിധേയമാണെന്നുള്ള വ്യവസ്ഥ ഉള്‍പ്പെടെ നിമത്തില്‍ നിരവധി കര്‍ശനവും പ്രശ്നകരവുമായ വ്യവസ്ഥകള്‍ അടങ്ങിയിരിക്കുന്നു.
സ്വമേധയാ മതപരിവര്‍ത്തനം നടത്തുന്നതിനുപോലും ഇപ്പോള്‍ സംസ്ഥാന അംഗീകാരം നേടുന്നതിനുള്ള ഒരു നീണ്ട പ്രക്രീയ ആവശ്യമാണ്.
90 ദിവസം മുമ്പ് ജില്ലാ കളക്ടര്‍ക്കോ എഡിഎമ്മിനോ അപേക്ഷ നല്‍കണമെന്നും തുടര്‍ന്ന് അവരുടെ ഓഫീസില്‍ ഒരു പൊതു അറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നും രണ്ടു മാസത്തിനുള്ളില്‍ എതിര്‍പ്പുകള്‍ സമര്‍പ്പിക്കാമെന്നും പറയുന്നു.
എതിര്‍പ്പുകള്‍ കേട്ട് പരിഹരിച്ചതിനുശേഷം മാത്രമേ പരിവര്‍ത്തനം സാദ്ധ്യമാകു. നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷകള്‍ നിര്‍ദ്ദേശിക്കുന്നു.
നിയമവിരുദ്ധ മതപരിവര്‍ത്തനത്തിനു 7 മുതല്‍ 14 വര്‍ഷം വരെ തടവു ശിക്ഷയും 5 ലക്ഷം രൂപ പിഴയും ലഭിക്കും.

