കമ്പ്യൂട്ടറുകള്‍ക്ക് ഇനി മൌസും കീബോര്‍ഡും വേണ്ടാത്ത സംവിധാനം വരുന്നു
കമ്പ്യൂട്ടറുകളുടെ തുടക്കം മുതല്‍ പ്രധാനപ്പെട്ട രണ്ട് ഭാഗങ്ങളാണ് മൌസും കീബോര്‍ഡും. എന്നാല്‍ ഇനി മുതല്‍ ഇവ രണ്ടും ആവശ്യമില്ലാത്ത സംവിധാനം വരുന്നതായി റിപ്പോര്‍ട്ട്.
ലളിതമായ കൈ ആംഗ്യങ്ങളിലൂടെ കമ്പ്യൂട്ടറിനു നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന റിസ്റ്റ് ബാന്‍ഡ് വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ടെക് ഭീമനായ മെറ്റയുടെ ഗവേഷകര്‍.
ഒരു ബ്ളോഗ് പോസ്റ്റിലൂടെ മെറ്റയുടെ വരാനിരിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഗ്ളാസുകളായ ഓറിയോണുമായി സംയോജിപ്പിച്ച് റിസ്റ്റ് ബാന്‍ഡിന്റെ പ്രോട്ടോടൈപ്പ് വിജയകരമായി പരീക്ഷിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി.
പരമ്പരാഗത ഇന്‍പുട്ട് രീതികളുടെ ആവശ്യകത ഈ ഉപകരണം ഇല്ലാതാക്കുന്നു. ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു കണ്ടുപിടിത്തം പ്രയോജനപ്പെടും.
സുഷുമ്നാ നാഡിക്ക് പരിക്കേറ്റവര്‍ക്കും റിസ്റ്റ് ബാന്‍ഡ് പരീക്ഷിക്കുന്നതിനായി കാര്‍ണനഗീ മെലോണ്‍ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് മെറ്റയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
പൂര്‍ണമായി കൈകളുടെ പ്രവര്‍ത്തനശേഷി നഷ്ടപ്പെട്ടവര്‍ക്കു പോലും ചെറിയ പേശീ പ്രവര്‍ത്തനം പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് ആദ്യകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
അതിനാല്‍ കഠിന ശാരീരിക പരിമിതികളുള്ളവര്‍ക്കും കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നതിന് ഈ റിസ്റ്റ് ബാന്‍ഡുകള്‍ പുതുവഴിയേകുമെന്നാണ് കമ്പനി പറയുന്നത്.
കൈ വിശ്രമത്തിലായിരിക്കുമ്പോള്‍ പോലും ടാപ്പിംഗ്, പിഞ്ചിങ്, സ്വൈപ്പിംഗ് തുടങ്ങിയ വിവിധ ആംഗ്യങ്ങള്‍ റിസ്റ്റ് ബാന്‍ഡിന് തിരിച്ചറിയാന്‍ കഴിയും. കൈയ്യക്ഷരം തിരിച്ചറിയാനും ഇവര്‍ക്ക് സാധിക്കും.
റിസ്റ്റ് ബാന്‍ഡ് പ്രവര്‍ത്തിക്കുന്നത് സര്‍ഫേഡ് ഇലക്ട്രോമിയോഗ്രാഫി ഉപയോഗിച്ചാണ്.
തലച്ചോറില്‍നിന്ന് കൈത്തണ്ടയിലെ ഞരമ്പുകള്‍ വഴി അയയ്ക്കുന്ന വൈദ്യുതി സിഗ്നലുകളെ പിടിച്ചെടുക്കുന്ന ഒരു നോണ്‍ ഇന്‍വേസിസ് സാങ്കേതിക വിദ്യയാണിത്. 1000 ഡോളര്‍ മുതല്‍ 1400 ഡോളര്‍ വരെയാണ് ഈ ബാന്ഡുകളുടെ വില.

