ഗാസാ പോരാട്ടത്തിന്റെ തീവ്രഘട്ടം അവസാനിച്ചുവെന്നും അടുത്ത ലക്ഷ്യം ഹിസ്ബുള്ളയെന്നും നെതന്യാഹു
ടെല്‍ അവീവ്: ഗാസയില്‍ ഹമാസിനെതിരായ പോരാട്ടത്തിന്റെ തീവ്രഘട്ടം ഏകദേശം അവസാനിച്ചെന്നും ഇനി അടുത്ത ലക്ഷ്യം ഹിസ്ബുള്ള തീവ്രവാദികളെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു.
ഇതിനായി കൂടുതല്‍ സൈന്യത്തെ വടക്കന്‍ യിസ്രായേലിലെ ലെബനന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചുവെന്നും അദ്ദേഹം ഒരു യിസ്രായേലി മാധ്യമത്തിനു ആദ്യമായി നല്‍കുന്ന അഭിമുഖത്തില്‍ വ്യക്തമാക്കി.
എന്നാല്‍ യുദ്ധം അവസാനിക്കുവാന്‍ പോകുകയാണെന്ന് ഇതില്‍ അര്‍ത്ഥമില്ല. ഹമാസിനെ അധികാരത്തില്‍നിന്നും പൂര്‍ണമായി പുറത്താക്കുന്നതുവരെ നടപടി തുടരുമെന്നും അദ്ദേഹം ഊന്നി പറഞ്ഞു.
ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമായി സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലവും കൂടിയാണ് നെതന്യാഹുവിന്റെ പുതിയ പ്രഖ്യാപനത്തിന്റെ കാരണം.
തെക്കന്‍ ഗാസയിലെ കര യുദ്ധം വൈകാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കും. ഹമാസിന്റെ പിടിയില്‍ തുടരുന്ന 116 ബന്ദികളുടെ മോചനത്തിന് താല്‍ക്കാലിക കരാറിന് തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരാര്‍ അംഗീകരിക്കണണെങ്കില്‍ സ്ഥിരമായ വെടിനിര്‍ത്തലും, യിസ്രായേല്‍ സൈന്യത്തിന്റെ പൂര്‍ണ പിന്മാറ്റവും വേണമെന്നാണ് ഹമാസിന്റെ നിലപാട്.
ഗാസയില്‍ ഇതുവരെ 37,590 ലേറെ പേര്‍ കൊല്ലപ്പെട്ടു. ഒക്ടോബറില്‍ ഗാസയില്‍ യുദ്ധം തുടങ്ങിയ നാള്‍ മുതല്‍ ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള വടക്കന്‍ യിസ്രായേലിനു നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.
ഹിസ്ബുള്ള ആക്രമണത്തില്‍ യിസ്രായേലില്‍ ഇതുവരെ 25 പേര്‍ കൊല്ലപ്പെട്ടു. യിസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ ഹമാസ് ഉന്നതന്മാര്‍ ഉള്‍പ്പെടെ 400 ലേറെ പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്.

