കോവാക്സിന് ഉപയോഗിച്ച 30 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം
ന്യൂഡെല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന് സ്വീകരിച്ച മൂന്നിലൊന്ന് പേര്‍ക്ക് ഒരു വര്‍ഷത്തിനുശേഷം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്.
കോവാക്സിന്റെ ദീര്‍ഘകാല ഫലങ്ങളെക്കുറിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
പഠനവിധേയമാക്കിയവിരില്‍ മൂന്നിലൊന്ന് പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ശ്വാസകോശ അണുബാധയാണ് മിക്കവരിലും കണ്ടത്.
പക്ഷാഘാതം, ശരീരത്തിന്റെ ചലന ശക്തി നഷ്ടമാകുന്ന ഗല്യണ്‍ബാരി സിന്‍ഡ്രോം എന്നിവ ഒരു ശതമാനം പേരില്‍ കണ്ടെത്തി. നാഡീവ്യൂഹ പ്രശ്നങ്ങള്‍, ത്വക് രോഗങ്ങള്‍ മറ്റു പൊതു രോഗങ്ങള്‍ എന്നിവയാണ് കൌമാരക്കാരില്‍ കണ്ടത്.
മുതിര്‍ന്നവരില്‍ അസ്ഥി, പേശി സംബന്ധമായ പ്രശ്നങ്ങള്‍, നാഡീവ്യൂഹ പ്രശ്നങ്ങള്‍ തുടങ്ങിയവയും കൂടുതലായി കണ്ടെത്തി.
സ്ത്രീകള്‍, വാക്സിനേഷനു മുമ്പ് കോവിഡ് ബാധിച്ചവര്‍, നേരത്തെ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍, വാക്സിനേഷനു ശേഷം ടൈഫോയിഡ് വന്നവര്‍ എന്നിവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത അധികമാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
അതുപോലെ അസ്ട്രാസെനകയുടെ കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നതായി മറ്റൊരു റിപ്പോര്‍ട്ടിലും പറയുന്നു. കോവിഷീല്‍ഡ് പാര്‍ശ്വഫലം ഉള്ളതാണെന്ന് വ്യക്തമാക്കി പിവണിയില്നിന്ന് പിന്‍വലിച്ചതിനു പിന്നാലെയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
രക്തം കട്ടപിടിക്കുന്ന അസുഖം അപൂര്‍വ്വമായി സംഭവിക്കുമെന്ന് കമ്പനി നേരത്തെ സമ്മതിച്ചിരുന്നു.
കോവിഷീല്‍ഡ് ഉപയോഗിച്ചവര്‍ക്ക് രക്തം കട്ടപിടിക്കുന്ന ഒരു തരം അവസ്ഥയായ ഇന്‍ഡ്യൂസ്ഡ് ഇമ്മ്യൂണ്‍ ത്രോംബോഡൈറ്റോപീനിയ ആന്‍ഡ് ത്രോംബോസിസ് എന്ന രോഗ സാദ്ധ്യത കൂടുതലാണെന്ന് ന്യൂ ഇംഗ്ളണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു.
ഓസ്ട്രേലിയയിലെ ഫ്ളിന്റേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച് ഗവേഷണം നടത്തിയത്.

