നശിപ്പിക്കുന്ന കലാപങ്ങള്‍ (എഡിറ്റോറിയൽ)

നശിപ്പിക്കുന്ന കലാപങ്ങള്‍ (എഡിറ്റോറിയൽ)

Articles Breaking News Editorials

നശിപ്പിക്കുന്ന കലാപങ്ങള്‍ (എഡിറ്റോറിയൽ)

കലാപം എന്ന വാക്ക് നാം പണ്ട് എപ്പോഴും കേള്‍ക്കാറില്ലായിരുന്നു. എന്നാല്‍ ഇന്ന് ഈ പദം ലോകത്തിന്റെ മിക്കയിടങ്ങളിലും മുഴങ്ങിക്കേള്‍ക്കുന്നു.

രാജ്യം രാജ്യത്തോട്, പൌരന്‍മാര്‍ സ്വന്തം രാജ്യത്തോട്, മതം മതത്തോട്, രാഷ്ട്രീയസംഘടനകള്‍ മറ്റു സംഘടനകളോട് എന്നിങ്ങനെ പോകുന്നു കലാപങ്ങള്‍.

ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈജിപ്റ്റ്, ഇറാന്‍, യെമന്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തില്‍ കലാപം നടന്നിരുന്നു. മനുഷ്യര്‍ ഇന്ന് കൂടുതല്‍ സ്വാതന്ത്ര്യം നേടിയിരിക്കുന്നു. അവര്‍ക്ക് അടിമത്വത്തില്‍ കഴിയാന്‍ താല്പര്യമില്ല. രാഷ്ട്രത്തിലെ നിയമങ്ങള്‍ക്കു കീഴ്പ്പെടാനും മനസ്സില്ല.

ഇങ്ങനെപോകുന്നു കലാപത്തിനുള്ള കാരണങ്ങള്‍. ന്യായമായ അവകാശങ്ങള്‍ എപ്പോഴും നല്ലതാണ്. പക്ഷേ ഇതിന്റെ പേരില്‍ മനപ്പൂര്‍വ്വം കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന പ്രവണത ശരിയല്ല.

പല രാജ്യങ്ങളിലും ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ ഇത്തരത്തില്‍ പീഡനങ്ങള്‍ക്കിരയാകേണ്ടി വരുന്നു. കലാപങ്ങള്‍ ചിലപ്പോള്‍ അന്യായങ്ങളിലൂടെ കടന്നുപോകാറുണ്ട്.

അതിനു തെളിവാണ് ഈജിപ്റ്റിലും ഇറാക്കിലും സൊമാലിയയിലും സുഡാനിലും ഒക്കെ ദൃശ്യമായത്. ഇവിടെ രാജ്യത്തെ ഭരണാധികാരികള്‍ക്കെതിരായി അക്രമങ്ങള്‍ നടത്തിയപ്പോള്‍ ഇതിന്റെ മറവില്‍ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ അക്രമിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ ഒറീസ്സയിലാണ് ഇത്തരത്തില്‍ ക്രൈസ്തവ വിരുദ്ധകലാപം അരങ്ങേറിയത്. ക്രൈസ്തവര്‍ ഇന്ത്യയില്‍ പലയിടങ്ങളിലും ഒറ്റയ്ക്കും കൂട്ടമായും അക്രമങ്ങള്‍ക്കിരയാകുന്നുണ്ട്.

സുവിശേഷകരെയും പാസ്റ്റര്‍മാരെയും വിശ്വാസികളെയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും സഭാ ആരാധനകള്‍ തടസ്സപ്പെടുത്തുകയും പോലീസ് അധികാരികളുടെ അനുവാദത്തോടുകൂടി കള്ളക്കേസില്‍ കുടുക്കുന്നതും പതിവായിരിക്കുന്നു.

ഇവിടങ്ങളില്‍ ക്രൈസ്തവരെ ആശ്വസിപ്പിക്കാനോ സഹായിക്കാനോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാകുന്നില്ല. കാരണം വോട്ടു പ്രശ്നമാണ്. ഭൂരിപക്ഷ സമുദായങ്ങളെ പിണക്കിയാല്‍ തങ്ങളുടെ വോട്ടുബാങ്കുകള്‍ക്ക് വിള്ളലുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ഒറീസ്സാ, മദ്ധ്യപ്രദേശ്, കര്‍ണ്ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് ഇങ്ങനെയുള്ള സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ പീഡനങ്ങള്‍ക്കിരയാകുന്നു. ഇന്ത്യ മതേതര രാഷ്ട്രമാണ്. ഇവിടെ എല്ലാ വിഭാഗങ്ങളും തുല്യരാണ് എന്നുള്ള സത്യം അക്രമം നടത്തുന്നവര്‍ ഓര്‍ക്കണം.

വെറുതെ അക്രമങ്ങളും കലാപങ്ങളും നടത്തുക എന്നത് ചിലര്‍ക്ക് ഹരമാണ്. ഇതിലൂടെ സഹോദര വര്‍ഗ്ഗത്തിനു ഹാനിവരുത്തുന്ന ക്രൂരത നിര്‍ത്തേണ്ടത് ആവശ്യമാണ്.

ക്രൈസ്തവര്‍ പീഡനത്തിലും തളരരുത്. കര്‍ത്താവില്‍ ഉറച്ചുനില്‍ക്കണം. വചനം നമ്മെ ധൈര്യപ്പെടുത്തുന്നു “നീതി നിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങള്‍ ഭാഗ്യവാന്മാര്‍ ”(1 പ്രത്രോസ്: 3:14). നാം എല്ലാ പ്രതികൂലങ്ങളെയും തരണം ചെയ്ത് ധൈര്യത്തോടെ നില്‍ക്ക.

പാസ്റ്റര്‍ ഷാജി എസ്.