എബോളയ്ക്കു കാരണമായ ഗുഹ; അടുത്ത മഹാമാരിയും ഇവിടെനിന്നായിരിക്കുമെന്നു ശാസ്ത്രലോകം
നെയ്റോബി: ലോകത്തെ ഏറ്റവും അപകടകാരിയായ ഗുഹ എന്നറിയപ്പെടുന്ന കെനിയയിലെ എന്ഗോണ് നാഷണല്‍ പാര്‍ക്കിലെ കിതും ഗുഹയ്ക്കെതിരെ ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.
എബോള ഉള്‍പ്പെടെയുള്ള മനുഷ്യ ചരിത്രത്തിലെ ഏറ്റവും അപകടകാരികളായ ചില മാരക വൈറസുകളുടെ ഉത്ഭവം വെളിപ്പെടുന്നതായി കിതും ഗുഹയെ ഗവേഷകര്‍ കണക്കാക്കുന്നു.
എബോള,. മാര്‍ബര്‍ഗ് വൈറസുകള്‍ ഇവിടെനിന്നാണ് ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. മാര്‍ബര്‍ഗ് വൈറസിനെതിരെയാണ് ലോകാരോഗ്യ സംഘടന അടക്കം ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മാര്‍ബര്‍ഗിന് പകര്‍ച്ചവ്യാധി സാദ്ധ്യതയുണ്ടെന്ന് ഡബ്ളിയുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.
88 ശതമാനം വരെയാണ് മാര്‍ബര്‍ഗിന്റെ മരണ നിരക്ക്. എബോളയുമായി ഏറെ സാമ്യമുണ്ട്. മദ്ധ്യ ആഫ്രിക്കയില്‍ വ്യാപകമായി കണ്ടുവരുന്നു. മനുഷ്യര്‍ക്കിടയില്‍ രോഗവ്യാപനം ഉണ്ടാകുന്നു.
മാര്‍ബര്‍ഗിന് നിലവില്‍ വാക്സിനോ പ്രത്യേക മരുന്നോ ഒന്നുമില്ല. മാര്‍ബര്‍ഗ് നേരത്തെതന്നെ കണ്ടെത്തപ്പെട്ടതാണെങ്കിലും ഇതിന്റെ കേസുകള്‍ വര്‍ദ്ധിക്കുന്നതാണ് ഇപ്പോള്‍ ആശങ്കകള്‍ക്ക് ഇടവരുത്തിയിരിക്കുന്നത്.
1980-ല്‍ കിതും ഗുഹയില്‍ അന്വേഷണത്തിനെത്തിയ ഒരു ഫ്രഞ്ച് എഞ്ചിനിയര്‍ മാര്‍ബര്‍ഗ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഏഴ് വര്‍ഷത്തിനുശേഷം കുടുംബമായെത്തിയ ഒരു സ്പാനിഷ് ബാലനും രോഗത്തിന് ഇരയായി മരണമടഞ്ഞിരുന്നു.
ആന, പോത്ത്, പുള്ളിപ്പുലികള്‍ തുടങ്ങിയ മേഖലയിലെ വന്യ ജീവികള്‍ ഈ ഗുഹയിലെ നിത്യ സന്ദര്‍ശകരാണ്. 600 അടി താഴ്ചയുള്ള ഈ ഗുഹയിലെ വൈറസ് വാഹകരായ വവ്വാലുകളില്‍നിന്ന് രോഗം വന്യ ജീവികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും പടരാമെന്നാണ് ഗവേഷകര്‍ നല്കുന്ന മുന്നറിയിപ്പ്.

