പെണ്‍കുട്ടികളുടെ നിര്‍ബന്ധിത വിവാഹങ്ങളും മതപരിവര്‍ത്തനവും: പാക്കിസ്ഥാനില്‍ യു.എന്‍ മനുഷ്യാവകാശ ഇടപെടല്‍
ലാഹോര്‍: പാക്കിസ്ഥാനില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു വിവാഹത്തിലേക്കും മതപരിവര്‍ത്തനത്തിലേക്കും നയിക്കുകയും ഇരകളാക്കുകയും ചെയ്യുന്നതിന്റെ വെളിച്ചത്തില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ വിദഗ്ദ്ധര്‍ നിയമപരമായ മാറ്റങ്ങള്‍ വരുത്തണമെന്ന് വ്യാഴാഴ്ച പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.
മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കി ഉയര്‍ത്തണമെന്നും യു.എന്‍ പ്രത്യേക സമിതി ആവശ്യപ്പെട്ടു.
മതന്യൂനപക്ഷ സമുദായങ്ങളില്‍ പെട്ട യുവതികളും പെണ്‍കുട്ടികളും ഇത്തരം ഹീനമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വിധേയരാകുന്നതും അത്തരം കുറ്റകൃത്യങ്ങളില്‍നിന്നും ശിക്ഷിക്കപ്പെടാതിരിക്കുന്നതും ഇനി വെച്ചുപൊറുപ്പിക്കാനോ ന്യായീകരിക്കാനോ കഴിയില്ല. ജനീവയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളുടെ നിര്‍ബന്ധിത വിവാഹങ്ങളും മതപരിവര്‍ത്തനങ്ങളും കോടതികള്‍ സാധൂകരിക്കുന്നു.
ഇരകളെ തട്ടിക്കൊണ്ടു പോയവര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കുന്നതിനു പകരം അവരെ തട്ടിക്കൊണ്ടുപോയവരുടെ കൂടെ താമസിക്കാന്‍ പലപ്പോഴും മത നിയമം പ്രയോഗിക്കുന്നു.
ഇത് ആശങ്കകളുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.
തട്ടിക്കൊണ്ടുപോയി വിവഹം കഴിക്കുന്ന സംഭവങ്ങളെ പോലീസ് കുറ്റകൃത്യമായി കണക്കാക്കാതെ പ്രണയ വിവാഹങ്ങളായി ചിത്രീകരിക്കുന്നു.
യു.എന്‍. വിദഗ്ദ്ധ സംഘത്തില്‍ റിപ്പോര്‍ട്ടര്‍മാരായി നാസിലഘാന, നിക്കോളോസ് ലെവ്രത്, സിയോട്രന്‍ മുല്ലള്ളി, ടോമോയ ഒബൊകത ഡൊറോത്തി തുടങ്ങിയവര്‍ പങ്കാളികളായിരുന്നു.

