ചൂട് കഠിനമാകുന്നു; മാര്‍ച്ചില്‍ അള്‍ട്രാവയലറ്റ് വികിരണവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തിന്റെ തുടര്‍ച്ചയായി അന്തരീക്ഷ താപനിലയില്‍ അതിശയകരമായ വര്‍ദ്ധന. മാര്‍ച്ച് മാസത്തില്‍ അള്‍ട്രാ വയലറ്റ് വികിരണങ്ങളുടെ അതിതീവ്രതയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പ്. മാര്‍ച്ച് മാസം പകുതിയോടെ സംസ്ഥാന അള്‍ട്രാവയലറ്റ് ഇന്‍ഡെക്സ് ഉയരും, ഏപ്രില്‍ വരെ തുടരും.
കേരളത്തിലെ വേനല്‍ കാലത്ത് അള്‍ട്രാവയലറ്റ് രശ്മികള്‍ കുത്തനെ ഭൂമിയില്‍ പതിക്കുന്ന പ്രത്യേകതയുണ്ടെന്നു കുസാറ്റ് റഡാര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എസ് അഭിലാഷ് ചൂണ്ടിക്കാട്ടി. ഈ പ്രതിഭാസം വര്‍ദ്ധിക്കുന്നതുമൂലം കണ്ണിനും ശരീരത്തിനും ദോഷകരമാണ്.
കടുത്ത സൂര്യാഘാതത്താല്‍ ശരീരത്തു പൊള്ളലേല്‍ക്കാന്‍ സാദ്ധ്യതയുണ്ട്. നിലവിലെ കാലാവസ്ഥാ സാദ്ധ്യതാ പ്രകാരം മാര്‍ച്ച് ആദ്യവാരം മഴപെയ്യുന്നതോടെ അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കും.
കിഴക്കന്‍ മലയോര മേഖലകളില്‍ ഇപ്പോള്‍ ഒറ്റപ്പെട്ട തോതില്‍ നേരിയ വേനല്‍ മഴ പെയ്യുന്നുണ്ട്. ഇത് താല്‍ക്കാലികാശ്വാസം മാത്രമാണ്.
അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കാനും ഇത് കാരണമാകും. ഇതുമൂലം ശരീരത്തിന് അനുഭവവേദ്യമായ ചൂട് കൂടും. ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും.

