സ്കൂള്‍ ബാഗ് ചുമന്നുള്ള യാത്ര: 58 ശതമാനം വിദ്യാര്‍ത്ഥികളും കഷ്ടപ്പെടുന്നതായി പഠനം
മുംബൈ: പത്തു വയസ്സിനു താഴെ പ്രായമുള്ള 58 ശതമാനം വിദ്യാര്‍ത്ഥികളും പാഠപുസ്തകങ്ങളടങ്ങിയ ബാഗുകള്‍ തോളിലേറ്റി നടന്നു കഷ്ടപ്പെടുന്നതായി പഠന റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്റേതാണ് ഈ കണ്ടെത്തല്‍ .
കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഭാരമാണ് ചെറു പ്രായത്തില്‍ വിദ്യാര്‍ത്ഥികള്‍ ചുമലിലേറ്റുന്നതെന്ന് കണ്ടെത്തിയ കമ്മീഷന് , പന്ത്രണ്ട് പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കരിന് സമര്‍പ്പിച്ചു. ഇതിനൊരു പരിഹാരമായി ചക്രങ്ങള്‍ ഘടിപ്പിച്ച ട്രോളി ബാഗുകള്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് വാങ്ങി നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.
ഒരു ദിവസം എല്ലാ വിഷയങ്ങളും സ്കൂളുകളില്‍ പഠിപ്പിക്കുന്നതിനാല്‍ എല്ലാ വിഷയങ്ങളുടെയും പുസ്തകങ്ങള്‍ കുട്ടികള്‍ ചുമക്കേണ്ടി വരുന്നുണ്ട്. സ്കൂള്‍ അധികൃതര്‍ ലോക്കര്‍ സംവിധാനം വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയാല് പുസ്തകങ്ങള്‍ സ്കൂളുകളില്‍ സൂക്ഷിക്കാമെന്നും മറ്റൊരുസെറ്റ് വീട്ടില്‍ സൂക്ഷിച്ച് ഹോംവര്ക്കുകളുള്പ്പെടെ ചെയ്യാമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ പ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. ജൂലൈ 23-നകം റിപ്പോര്ട്ടിന്മേല് മറുപടി നല്കാന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

