ക്രിസ്ത്യന്‍ സ്കൂളുകളില്‍ സരസ്വതി പൂജ നടത്തണമെന്ന് ഭീഷണി
ഗുവഹാത്തി: ബിജെപി ഭരിക്കുന്ന അസമിലെ വിവിധ ക്രിസ്ത്യന്‍ സ്കൂളുകളില്‍ സരസ്വതി പൂജ മടത്തണമെന്ന ആവശ്യവുമായി തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണി.
ഉദയ്പൂരിലെ ധജ നഗറിലുള്ള ഡോണ്‍ ബോസ്കോ സ്കൂളില്‍ പൂജ നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍ മഞ്ചാണ് രംഗത്തു വന്നത്. സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണെന്നും പൂജയ്ക്ക് അനുമതി നിഷേധിച്ചാല്‍ സര്‍ക്കാരിന്റെ പിന്തുണ തേടുമെന്നും ജാഗരണ്‍ മഞ്ച് പറഞ്ഞു.
ഇതിനെതിരെ ഡോണ്‍ ബോസ്കോ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സലേഷ്യന്‍ സിസ്റ്റര്‍ ടെസ്സി ജോസഫ് ജില്ലാ മജിസ്ട്രേറ്റിനു പരാതി നല്കി. നിയമ വിരുദ്ധ പ്രവര്‍ത്തി തടയണമെന്നും സ്ഥാപനത്തിനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടു.
അസമില്‍ 3 സ്കൂളുകള്‍ കൂടി സമാനമായ ഭീഷണി നേരിടുന്നുണ്ട്. ഇതേത്തുടര്‍ന്ന് പ്രദേശത്തെ മിഷണറി സ്കൂളുകളുടെ പ്രതിനിധികള്‍ ഞായറാഴ്ച ഗുവഹത്തിയില്‍ അടിയന്തിര യോഗം ചേര്‍ന്നു.
ഫെബ്രുവരി 8, 9 തീയതികളില്‍ ഈ സംഘം മൂന്നു തവണ സ്കൂളിലെത്തിയതായി പ്രിന്‍സിപ്പാള്‍ പറഞ്ഞു.
അസമിലെ ക്രൈസ്തവ സ്കൂളുകളിലെ യേശുക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും രൂപങ്ങളും കുരിശുകളും ഉടന്‍ മാറ്റണമെന്ന് യുവ മോര്‍ച്ച മുന്‍ സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലുള്ള തീവ്ര ഹിന്ദുത്വ സംഘം കഴിഞ്ഞ ദിവസം അന്ത്യ ശാസനം നല്‍കിയിരുന്നു.
സ്കൂളുകളില്‍ ജോലി ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും സഭാ വസ്ത്രങ്ങള്‍ ധരിക്കരുതെന്നും സ്കൂളില്‍ ക്രൈസ്തവ പ്രാര്‍ത്ഥന പാടില്ലെന്നും ഇവര്‍ മുന്നറിയിപ്പു നല്കി.
15 ദിവസത്തിനകം ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നായിരുന്നു ഭീഷണി.

