സെക്യൂരിറ്റി ജോലി
ഇന്ന് നാട്ടില്‍ പ്രധാനപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും സെക്യൂരിറ്റിക്കാരെ (കാവല്‍ക്കാര്‍) നിയമിക്കുന്നു. അവര്‍ ആ സ്ഥാപനത്തിന് കാവലും സംരക്ഷണവും നല്‍കുന്നു.
മോഷ്ടാക്കളോ ശത്രുക്കളോ അകത്തു പ്രവേശിച്ചാല്‍ അനുവദിക്കാതെയും സ്ഥാപനത്തില്‍ വരുന്ന കസ്റ്റമേഴ്സിന് സംരക്ഷണവും നല്കുവാനുമാണ് ഇത്തരം കാവല്‍ക്കാരെ നിര്‍ത്തുന്നത്. അവര്‍ സദാ സമയവും ജാഗരൂകരായിരിക്കണം.
ഡ്യൂട്ടി സമയത്ത് മറ്റ് കാര്യങ്ങളില്‍ ഇടപെടാനോ അശ്രദ്ധയോടുകൂടി ഇരിക്കുവാനോ കാവല്‍ക്കാരെ അനുവദിക്കുന്നില്ല. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ മനവും ശരീരവും ഒരുപോലെ സ്ഥാപനത്തിനു അകത്തും പുറത്തും സമര്‍പ്പിക്കപ്പെട്ടവരാണ് ഇത്തരം ജോലിക്കാര്‍.
അവര്‍ സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി രാപകലെന്യേ ജാഗരൂകരായിരിക്കുന്നു. അവര്‍ക്ക് അതിന് തക്ക പ്രതിഫലവും ലഭിക്കുന്നു.
മേല്‍വിവരിച്ച ഇത്തരം കാവല്‍ക്കാര്‍ സമൂഹ മദ്ധ്യേ വിലകുറഞ്ഞവരും മറ്റുള്ളവരാല്‍ മാനിക്കപ്പെടാത്തവരുമായിരിക്കും. പക്ഷേ ആ വ്യക്തിയെ നിയമിച്ച കമ്പനിക്കോ സ്ഥാപനങ്ങള്‍ക്കോ അയാളുടെ സേവനം വിലയേറിയതും ഉത്തരവാദിത്വമുള്ളതുമാണ്.
കാവല്‍ക്കാരില്ലെങ്കില്‍ സ്ഥാപന നടത്തിപ്പുകാര്‍ക്ക് സ്വസ്ഥതയും സമാധാനവും ലഭിക്കുകയില്ല. അവരുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുമെന്ന ഭീതി ഉണ്ടാകുന്നു. അവര്‍ ഉറങ്ങാതെ ഇരിക്കുന്നു.
ഇതുപോലെ ആത്മീക ലോകത്തെ കാവല്‍കാരാണ് ദൈവമക്കളായ നാം. (യെഹെ.:22:30) നാം ഈ ദേശത്തിന്റെ കാവല്‍ക്കാരാണ്. പാപത്തില്‍ ജീവിക്കുന്ന ജനകോടികളെ നിത്യനാശത്തില്‍ നിന്നും കരകേറ്റി നിത്യ ജീവനുടമകളാക്കുക എന്നതാണ് ഒരു കാവല്‍ക്കാരന്റെ ആദ്യപടി. പിന്നീട് അവരെ ആത്മീകമായി നിലനിര്‍ത്തുവാന്‍ കഴിയണം.
ജനത്തിന് ദൈവവചനം പകര്‍ന്നു നല്‍കണം, അവരെ ദൈവവഴിയിലൂടെ നയിക്കണം. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. ആരും നശിച്ചു പോകാതെ ജീവനും സമൃദ്ധിയുള്ളവരായി വളര്‍ന്ന് സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളാക്കി തീര്‍ക്കണം.
ഒരു ദൈവപൈതല്‍ ദേശത്തു നടമാടുന്ന അനീതിയും പാപങ്ങളും വിട്ടു വിശുദ്ധരായി ജീവിക്കണം അതാണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവത്തിന്റെ ആ വലിയ ആഗ്രഹം സകല ജാതികളിന്മേലും നിറവേറണം, ഒരു വ്യക്തി പോലും നശിച്ചു പോകാത്തവണ്ണം അവരെ ക്രിസ്തുവിലേയ്ക്കു നേടി എടുക്കുവാന്‍ കാവല്‍ക്കാരായ നമ്മെക്കൊണ്ടു കഴിയണം.
ഫലം കൊടുക്കാത്ത വൃക്ഷത്തെ വെട്ടികളവാന്‍ നീട്ടിയ കൈകളെ തടഞ്ഞത്, തോട്ടക്കാരന്റെ മദ്ധ്യസ്ഥത ആയിരുന്നുവല്ലോ (ലൂക്കോ: 13:6-9) അതേ നമ്മുടെ ഇന്ത്യയില്‍ അനേകര്‍ ദൈവവഴി വിട്ടുജീവിക്കുന്നു അവരെ നേടുവാന്‍ നമുക്കു പരിശ്രമിക്കാം.
ഈ സമയത്ത് നമുക്കു ഉറങ്ങുവാന്‍ കഴിയില്ല. ദേശത്തിന്റെ കാവല്‍ക്കാരായി നിയമിതരായി ദൈവജനം ഉണര്‍ന്നു തന്നെ പ്രവര്‍ത്തിക്കാം. അനേകര്‍ വിടുവിക്കപ്പെടട്ടെ! അനേകര്‍ അനുഗ്രഹം പ്രാപിക്കട്ടെ!
പാസ്റ്റര്‍ ഷാജി. എസ്.