സോഷ്യല്‍ മീഡിയായില്‍നിന്ന് ഒരു 30 മിനിറ്റ് വിട്ടു നിന്നാല്‍ ലഭിക്കുന്നത് ഏറ്റവും വലിയ ഗുണം
സോഷ്യല്‍ മീഡിയ ഇന്നു നമ്മുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനമായ ഒരു ഭാഗമായി കഴിഞ്ഞു. ഏതു സമയത്തും ഇഷ്ടംപോലെ സോഷ്യല്‍ മീഡിയായില്‍ സ്വാതന്ത്ര്യത്തോടെ ചെലവഴിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
അതുകൊണ്ടുതന്നെ നമുക്കു തന്നെ വലിയ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതിനിടയില്‍ ഗവേഷകര്‍ നടത്തിയ ഒരു പഠന റിപ്പോര്‍ട്ടാണ് ശ്രദ്ധേയമായിരിക്കുന്നത്. ദിവസവും സോഷ്യല്‍ മീഡിയ ഉപയോഗം 30 മിനിറ്റ് കുറയ്ക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നുവെന്നതാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്.
സോഷ്യല്‍ മീഡിയായുടെ ഉപയോഗം ജീവിതത്തില്‍ നെഗറ്റീവായ സ്വാധീനം ഉണ്ടാക്കുന്നുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ജര്‍മ്മനിയിലെ റൂര് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നത്: തങ്ങള്‍ ഓണ്‍ലൈനില്‍ ഇല്ലാത്തപ്പോള്‍ നെറ്റ്വര്ക്കില് എന്തോ പ്രധാനപ്പെട്ടത് സംഭവിച്ചിരിക്കാമെന്ന ആകുലത നെഗറ്റീവ് സ്വാധീനത്തില്‍ പ്രധാനപ്പെട്ടതാണ്.
തൊഴിലിടത്തില്‍ സമ്മര്‍ദ്ദം കൂടുമ്പോഴും മറ്റും സന്തോഷ നിമിഷങ്ങള്‍ നഷ്ടമാകുന്നതിനാല്‍ പോസിറ്റീവ് വികാരങ്ങള്‍ സൃഷ്ടിക്കാനാണ് ആളുകളിലേറെയും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്ന് കരുതുന്നതായി റൂര് സര്‍വ്വകലാശാലയിലെ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്മെന്റ് സെന്ററിലെ അസോസിയേറ്റ് പ്രൊഫസറായ ജൂലിയ ബ്രെയിലോവിസ് കൈയ പറഞ്ഞു.
കുറച്ചു കാലത്തേക്ക് മാനസീകാവസ്ഥ മെച്ചപ്പെടുത്തുന്നുവെങ്കിലും ദീര്‍ഘകാലം കണക്കിലെടുക്കുമ്പോള്‍ അത് വിപരീത സാഹചര്യമാണ് സൃഷ്ടിക്കുന്നത് എന്ന് ജൂലിയ പറഞ്ഞു.
വിവിധയിടങ്ങളില്‍ പാര്‍ട് ടൈമായും ഫുള്‍ടൈമായും ജോലി ചെയ്യുന്ന 160 പേരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. സ്ഥിരമായി സമയം ചിലവഴിക്കുന്നവരായിരുന്ന ഇവരെ രണ്ടു ഗ്രൂപ്പാക്കി.
ഒരു കൂട്ടര് സോഷ്യല്‍ മീഡിയ ശീലം മാറ്റാതിരിക്കുകയും മറ്റൊരു വിഭാഗം 30 മിനിറ്റ് സാമൂഹിക മാധ്യമം ഉപയോഗം കുറയ്ക്കുകയും ചെയ്തു.
ഒരാഴ്ച സൂഷ്മമായി നിരീക്ഷിച്ചതിനു ശേഷം ഇവരുടെ ജോലി ഭാരം, ജോലിയിലെ സംതൃപ്തി, മാനസീകാരോഗ്യം, സമ്മര്‍ദ്ദത്തിന്റെ തോത് തുടങ്ങിയവ വര്‍ദ്ധിച്ചതായി കണ്ടെത്തി.
തുടര്‍ന്നാണ് ചെറിയ കാലഘട്ടിലേക്കു പോലും സാമൂഹിക മാധ്യമ ഉപയോഗം വെറും 30 മിനിറ്റ് വരെ കുറച്ചവരില്‍ ജോലിയിലെ സംതൃപ്തിയും മാനസീകാരോഗ്യവും മെച്ചപ്പെട്ടതായി കണ്ടെത്തിയത്. ഈ വിഭാഗത്തിന് മറു വിഭാഗത്തിനെ അപേക്ഷിച്ച് അമിത ജോലിഭാരം തോന്നിയതുമില്ല.

