മേഘങ്ങളില്‍ പ്ളാസ്റ്റിക് കണങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് ഗവേഷകര്‍
ടോക്യോ: മേഘങ്ങളില്‍ പ്ളാസ്റ്റിക് കണങ്ങളായ മൈക്രോ പ്ളാസ്റ്റിക് ഉണ്ടെന്ന് സ്ഥിരീകരിച്ച് ജപ്പാനിലെ ഗവേഷകര്‍ . എന്നാല്‍ ഇവ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ല.
എന്വറോണ്മെന്റല് കെമിസ്ട്രി ലെറ്റേഴ്സ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. വ്യാവസായിക മലിന ജലം, തുണിത്തരങ്ങള്‍ , സിന്തറ്റിക് കാര്‍ ടയറുകള്‍ , വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍ മറ്റു സ്രോതസ്സുകള്‍ എന്നിവയില്‍നിന്ന് വരുന്ന അഞ്ച് മില്ലീമീറ്ററില്‍ താഴെയുള്ള പ്ളാസ്റ്റിക് കണങ്ങളാണ് മൈക്രപ്ളാസ്റ്റിക്സ്.
വഡേഡ സര്‍വ്വകലാശാലയിലെ ഹിരോഷി ഒക്കോയിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഫ്യൂജി, ഒയാമ പര്‍വ്വതങ്ങളില്‍നിന്ന് മൂടല്‍ മഞ്ഞിലെ വെള്ളം ശേഖരിച്ചായിരുന്നു പഠനം.
7.1 മുതല്‍ 94.6 മൈക്രോമീറ്റര്‍ വരെ വലുപ്പമുള്ള ഒമ്പത് വ്യത്യസ്ത തരം പോളിമറുകളും ഒരു തരം റബറും മേഘത്തിലെ മൈക്രോപ്ളാസ്റ്റിക്കില് സംഘം കണ്ടെത്തി.

