ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും അഗ്നിക്കിരയാക്കി

ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും അഗ്നിക്കിരയാക്കി

Breaking News Global Top News

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും അഗ്നിക്കിരയാക്കി
ലാഹോര്‍ ‍: ഖുറാനെ അപമാനിച്ചു എന്നാരോപിച്ച് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളും വീടുകളും തീവെച്ചു തകര്‍ത്തു.

ഫൈസലാബാദ് ജില്ലയിലെ ഈസാ നഗരിയിലുള്ള സെന്റ് പോള്‍ കത്തോലിക്കാ പള്ളി, പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളായ സാല്‍വേഷന്‍ ആര്‍മി, യുണൈറ്റഡ് പ്രസ്ബിറ്റീരിയന്‍ ‍, അലൈഡ് ഫൌണ്ടേഷന്‍ ‍, ഷഹ്റൂണ്‍ വാല എന്നിവയുടെ ആരാധനാലയവും ക്രിസ്ത്യന്‍ കോളനിയുമാണ് ആക്രമിക്കപ്പെട്ടത്.

നൂറുകണക്കിനു വരുന്ന മതമൌലിക വാദികള്‍ കത്തോലിക്കാ പള്ളിയും സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചും ആക്രമിച്ചു തീവെയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. വടികളുമായെത്തിയ അക്രമികള്‍ 150 ഓളം പേര്‍ പാര്‍ക്കുന്ന ക്രിസ്ത്യന്‍ കോളനിയിലും അഴിഞ്ഞാടി. നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് അര്‍ദ്ധ സൈനിക വിഭാഗമായ റേഞ്ചേഴ്സിനെ മേഖലയില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

മതനിന്ദാ പരാമര്‍ശങ്ങള്‍ എഴുതിയ ഖുറാന്‍ പേജുകള്‍ ക്രിസ്ത്യന്‍ കേളനിക്കു സമീപം കണ്ടെത്തിയതാണ് കലാപത്തിനു തുടക്കമെന്നു റിപ്പോര്‍ട്ടുണ്ട്. സമീപത്തുള്ള ഇസ്ളാമിക പുരോഹിതന്റെ ആഹ്വാനപ്രകാരമാണ് ആള്‍ക്കൂട്ടം സംഘടിച്ചെത്തി ആക്രമണം നടത്തിയതെന്നും പോലീസ് കാഴ്ചക്കാരായി നിന്നുവെന്നും ആരോപണമുണ്ട്. ആക്രമണത്തെ ഭയന്ന് ക്രൈസ്തവര്‍ സമീപപ്രദേശങ്ങളിലേക്കും ബന്ധു വീടുകളിലേക്കും പാലായനം ചെയ്തു.

ആക്രമണങ്ങള്‍ക്കടയില്‍ ചര്‍ച്ചുകളിലും വീടുകളിലും കൊള്ളയും നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഖുറാനെ അപമാനിച്ചു എന്ന വ്യാജ ആരോപണം നടത്തി ക്രൈസ്തവരെ ആക്രമിച്ചുവെന്നും ബൈബിള്‍ നശിപ്പിച്ചുവെന്നും ആംഗ്ളിക്കന്‍ സഭയായ ചര്‍ച്ച് ഓഫ് പാക്കിസ്ഥാന്റെ അദ്ധ്യക്ഷന്‍ ബിഷപ് ആസാദ് മാര്‍ഷ്യല്‍ സോഷ്യല്‍ മീഡിയായില്‍ അറിയിച്ചു.

ആക്രമണത്തില്‍ നാലു ചര്‍ച്ചുകള്‍ തകര്‍ന്നതായിട്ടാണ് ഭരണകൂടം പറയുന്നതെങ്കിലും ഒരു ഡസനോളം ആരാധനാലയങ്ങള്‍ തകര്‍ത്തതായി പ്രദഗേശ വാസികള്‍ പറയുന്നു. പാക്കിസ്ഥാനിലെ ഈ കിരാത നടപടികളില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അപലപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.