മണിപ്പൂര്‍ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 121 ആരാധനാലയങ്ങള്‍
ഇംഫാല്‍ : മണിപ്പൂര്‍ വംശീയ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 121 ക്രൈസ്തവ ആരാധനാലയങ്ങളാണെന്ന് റിപ്പോര്‍ട്ട്.
കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച ചുരാചന്ദ്പൂര്‍ ജില്ലയിലെ ക്രിസ്ത്യന്‍ ഗുഡ് വില്‍ ചര്‍ച്ചാണ് തകര്‍ക്കപ്പെട്ട പള്ളികളുടെ പട്ടിക പുറത്തു വിട്ടത്.
അഗ്നിക്കിരയാക്കപ്പെട്ടവയോ, തകര്‍ക്കപ്പെട്ടവയോ ചെയ്ത പള്ളികളുടെ പട്ടികയാണിത്. മെയ് മൂന്നിന് ആരംഭിച്ച് നാലു ദിവസത്തോളം നീണ്ട വംശീയ കലാപത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
250 ഓളം പേര്‍ക്ക് പരിക്കേറ്റു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 30,000ത്തോളം ആളുകള്‍ക്ക് പാലായനം ചെയ്യേണ്ടി വന്നു. മണിപ്പൂര്‍ പ്രസ്ബിറ്റീരിയല്‍ ചര്‍ച്ചിനു കീഴില്‍ 39 ആരാധനായലങ്ങളാണ് തകര്‍ക്കപ്പെട്ടതെന്ന് ക്രിസ്ത്യന്‍ ഗുഡ് വില്‍ ചര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസോസിയേഷന്റെയും മണിപ്പൂര്‍ പ്രസ്ബിറ്റീരിയല്‍ ചര്‍ച്ച് സിനഡിന്റെയും 14 വീതം പള്ളികള്‍ തകര്‍ത്തു. തമ്തഫായി പ്രസ്ബിറ്റീരിയല്‍ ചര്‍ച്ച് മണിപ്പൂര്‍ സിനഡിന് കീഴിലെ 13 പള്ളികള്‍ മെയ് 4-നു തകര്‍ത്തു.
അന്നേദിവസം തന്നെ ഇവാഞ്ചലിക്കല്‍ ഫ്രീ ചര്‍ച്ച് ഓഫ് ഇന്ത്യയ്ക്കു കീഴിലെ 9 പള്ളികളും ഇന്‍ഡിപെന്‍ഡന്റ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ എട്ട് പള്ളികളും കത്തിച്ചു.
ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ ചര്‍ച്ചിന്റെ അഞ്ച് ആരാധനാലയങ്ങള്‍ മെയ് മൂന്നിനും അഞ്ചിനും ഇടയില്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗീകമായും കത്തിച്ചു.
കാത്തലിക് ചര്‍ച്ച്, മണിപ്പൂര്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ ഓര്‍ഗനൈസേഷന്‍ ചര്‍ച്ച് എന്നിവയുടെ 3 വീതവും ഈസ്റ്റേണ്‍ മണിപ്പൂര്‍ പ്രസ്ബിറ്റീരിയല്‍ ചര്‍ച്ച്, ഇവാഞ്ചലിക്കല്‍ അസംബ്ളി ചര്‍ച്ച് എന്നിവയുടെ രണ്ട് വീതവും ന്യു ടെസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചസ് അസോസിയേഷന്റെയും അസംബ്ളീസ് ഓഫ് ഗോഡ് ചര്‍ച്ചിന്റെയും ഓരോ ചര്‍ച്ചുകളും തകര്‍ക്കപ്പെട്ടു. റിപ്പോര്‍ട്ടില്‍ പറയുന്നു.

