2000 വര്‍ഷം പഴക്കമുള്ള ഹീബ്രു സാമ്പത്തിക രസീത് കണ്ടെത്തി
യെരുശലേം: യിസ്രായേലില്‍ 2000 വര്‍ഷം മുമ്പുണ്ടായിരുന്ന ഹീബ്രു ഭാഷയില്‍ രചിച്ചിട്ടുള്ള സാമ്പത്തിക ഇടപാടിന്റെ രസീത് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.
യെരുശലേമിലെ ദാവീദിന്റെ നഗരത്തില്‍ തീര്‍ത്ഥാടന റോഡിന്റെ സമീപമാണ് രസീത് കണ്ടെടുത്തത്. “ഷിമോണ്‍ ” എന്ന പേര് ഹീബ്രു ഭാഷയില്‍ ആലേഖനം ചെയ്തിരിക്കുന്ന രേഖ ചോക്ക് കല്ലില്‍ കൊത്തിയിരിക്കുന്ന ചെറിയ ശകലത്തില്‍ കാണാം.
അക്ഷരങ്ങളുടെയും അക്കങ്ങളുടെയും വരികള്‍ , പണം എന്നിവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടി വ്യക്തമാക്കി.
ഇത് രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തില്‍ റോമാക്കാര്‍ ഈ പ്രദേശം നിയന്ത്രിച്ചിരുന്നു. മാത്രമല്ല യേശു പരസ്യ ശുശ്രൂഷയോടനുബന്ധിച്ച് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
തീര്‍ത്ഥാടന പാത നഗര കവാടത്തില്‍നിന്നും ദാവീദിന്റെ നഗരത്തിനു തെക്ക് സ്ഥിതി ചെയ്യുന്ന ശിലോഹാം കുളത്തില്‍നിന്നും ടെമ്പിള്‍ മൌണ്ടിന്റെയും രണ്ടാം യെരുശലേം ദൈവാലയത്തിന്റെ കവാടങ്ങള്‍ വരെ ഈ പാത നീണ്ടു നിന്നിരുന്നു.
യെരുശലേമിലും യഹൂദ്യയിലും സാധാരണയായി ഉപയോഗിച്ചിരുന്ന രേഖകളുടെ ചോക്കു കല്ലിലുള്ള അവശിഷ്ടമാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നത്തെപ്പോലെതന്നെ പുരാതന കാലത്തും ആളുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി രസീതും നല്‍കിയിരുന്നു എന്നതിന്റെ തെളിവുകളാണ് ഈ കണ്ടെത്തല്‍ .
ഈ മേഖലയില്‍ നിരവധി ഖനനങ്ങള്‍ നടന്നു വരികയാണ്. അതില്‍ പുരാതന യഹൂദ നിവാസികളുടെ ദൈനംദിന നേര്‍ക്കാഴ്ചകളുടെ സാക്ഷ്യപത്രങ്ങള്‍ നമുക്ക് വെളിപ്പെട്ടു വരികയാണെന്ന് കണ്ടെത്തലിനെക്കുറിച്ച് ഐഎഎ ഡയറക്ടര്‍ എലി എസ് കുസിഡോ പറഞ്ഞു.

