മരണംവരെ സംഭവിച്ചേക്കാം; ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പിനെതിരെ ഡബ്ളിയു എച്ച് ഒ
ന്യൂഡെല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പിനെതിരെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
മാര്‍ഷല്‍ ദ്വീപുകളിലും മൈക്രോനേഷ്യയിലും വിതരണം ചെയ്യുന്ന മരുന്നില്‍ അപകടകരമായ ഘടകങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പ്.
പഞ്ചാബ് ആസ്ഥാനമായുള്ള ക്യു.പി. ഫാര്മതകം ലിമിറ്റഡ് നിര്‍മ്മിച്ച് ട്രില്ലിയം ഫാര്‍മ വിതരമം ചെയ്യുന്ന കഫ് സിറപ്പിനെതിരെയാണ് ഡബ്ളിയുഎച്ച്ഒയുടെ ആരോപണം.
ഉസ്ബെക്കിസ്ഥാനില്‍ ഇന്ത്യന്‍ കമ്പനിയുടെ കഫ് സിറപ്പ് കഴിച്ചതിനെത്തുടര്‍ന്ന് 18 കുട്ടികള്‍ മരിച്ചു എന്ന ആരോപണത്തിനു പിന്നാലെയാണ് പുതിയ വിവാദം.
മാര്‍ഷല്‍ ദ്വീപുകളിലെയും മൈക്രോനേഷ്യയിലെയും ഒരു ബാച്ചില്‍നിന്നുള്ള സിറപ്പിന്റെ സാമ്പിളുകളില്‍ അസ്വീകാര്യമായ അളവില്‍ ഡൈതലിന് ഗ്ളൈക്കോളും എഥിലീന്‍ ഗ്ളൈക്കോളും കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഇവ ഉപയോഗത്തിന് സുരക്ഷിതമല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
കുട്ടികളില്‍ ഇതിന്റെ പാര്‍ശ്വഫലം ഗുരുതരമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്ട്രേലിയായിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായ തെറപ്യൂട്ടിക്സ് ഗഡ്സ് അഡ്മിനിസ്ട്രേഷന്റെ ക്വാളിറ്റി കണ്ട്രോളര് ലബോറട്ടറിയിലാണ് സിറപ്പിന്റെ സാമ്പിളുകള്‍ പരിശോധിച്ചത്.

