“യെരുശലേമില്‍ വിഗ്രഹങ്ങള്‍ പാടില്ല” യേശുവിന്റെ പ്രതിമ തകര്‍ത്ത് യുവാവ്
യെരുശലേം: ബൈബിളിലെ പുറപ്പാടു പുസ്തകം 20-ലെ വിഗ്രഹാരാധനയെ എതിര്‍ത്തുകൊണ്ട് യെരുശലേമിലെ പഴയ നഗരത്തില്‍ പുരാതന ക്രിസ്ത്യന്‍ പള്ളിയിലെ യേശുവിന്റെ പ്രതിമ തകര്‍ത്ത അമേരിക്കന്‍ വിനോദ സഞ്ചാരിയെ യിസ്രായേല്‍ പോലീസ് അറസ്റ്റു ചെയ്തു.
യെരുശലേമിലെ പഴയ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഫ്ളാഗലേഷന്‍ ചര്‍ച്ച് അടങ്ങുന്ന ഫ്രാന്‍സിസ്ക്കന്‍ ചര്‍ച്ച് ഓഫ് കണ്‍ഡെമ്നേഷനിലെ യേശുക്രിസ്തുവിന്റെ പ്രതിമ വിഗ്രഹാരാധനയെന്നാരോപിച്ചായിരുന്നു 40 വയസ്സുള്ള വിനോദ സഞ്ചാരി തകര്‍ത്തത്.
യേശുവിനെ റോമന്‍ പട്ടാളക്കാര്‍ ചമ്മട്ടികൊണ്ട് അടിക്കുകയും ക്രൂശില്‍ തറയ്ക്കാന്‍ കുരിശ് ഏറ്റുവാങ്ങുകയും ചെയ്തു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
ഫെബ്രുവരി 2-ന് വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ചര്‍ച്ചില്‍ കടന്നു നിങ്ങള്‍ക്ക് യെരുശലേമില്‍ വിഗ്രഹങ്ങള്‍ പാടില്ല എന്ന് ആക്രോശിച്ചുകൊണ്ട് യുവാവ് യേശുവിന്റെ തടികൊണ്ടുള്ള പ്രതിമ തകര്‍ക്കുകയായിരുന്നു.
കൂടാതെ യഹൂദ പുരുഷന്മാര്‍ ധരിക്കുന്ന പരമ്പരാഗത ശിരോവസ്ത്രം കിപ്പ് ധരിക്കണമെന്നും പുറപ്പാട് പുസ്തകത്തിലെ 20-ാം അദ്ധ്യായത്തിലെ ഒരു വിഗ്രഹമുണ്ടാക്കരുത് എന്ന് ഓര്‍പ്പിച്ചുകൊണ്ടായിരുന്നു സംസാരിച്ചത്. പ്രതിമയ്ക്ക് ഭാഗികമായി കേടുപാടുണ്ടായി. അറസ്റ്റിലായ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എല്ലാ മതങ്ങളുടെയും പുണ്യസ്ഥലങ്ങളിലെ ആക്രമണങ്ങള്‍ക്കും നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ പോലീസ് തുടര്‍ന്നും പ്രവര്‍ത്തിക്കു, യിസ്രായേല്‍ പോലീസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റിലെ കത്തോലിക്കാ സഭയുടെ വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണത്തിനും മറ്റും മേല്‍നോട്ടം വഹിക്കുന്ന ഫ്രാന്‍സിസ്ക്കന്‍ സംഘടനയായ കസ്റ്റോഡിയ ടെറേ സാഖാറ്റെ സംഭവത്തില്‍ അപലപിച്ചു.
കഴിഞ്ഞ മാസം തീവ്ര യഹൂദ യിസ്രായേലികളെന്ന് കരുതപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ നഗരത്തിലെ ക്രിസ്ത്യന്‍ ക്വാര്‍ട്ടറിലെ ഒരു അര്‍മേനിയന്‍ റെസ്റ്റോറന്റിനു നേരെ യിസ്രായേല്‍ പതാക വീശിയിരുന്നു.

