ഗുജറാത്തില്‍ ക്രിസ്ത്യന്‍ ആരാധനാലയ നിര്‍മ്മാണം തടസ്സപ്പെടുത്തി
അഹമ്മദാബാദ്: ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ കപ്രദ താലൂക്കില്‍ ഷാഹുദ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ സഭയുടെ ആരാധനാലയത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളെത്തി തടസ്സപ്പെടുത്തി.
ക്രിസ്തുമതവിശ്വാസികള് ഇല്ലാത്ത പഞ്ചായത്തില്‍ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ചര്‍ച്ച് നിര്‍മ്മാണമെന്ന് ആരോപിച്ചാണ് പ്രദേശവാസികളിലൊരുവിഭാഗം രംഗത്തു വന്നത്.
ചര്‍ച്ചിന്റെ പണിക്കെതിരെ ഗ്രാമപഞ്ചായത്ത് സര്‍പഞ്ചിന്റെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് നിവേദനം നല്‍കുകയും അധികാരികള്‍ നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
വനം വകുപ്പില്‍ ജോലി ചെയ്യുന്ന ഗ്രാമവാസിയായ ചന്ദര്‍ഭായ് ചൌധരിയാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. ചന്ദര്‍ഭായ് ക്രിസ്ത്യാനിയാണെന്ന് പറയുന്നുവെങ്കിലും താന്‍ ഹിന്ദുവാണെന്നാണ് രേഖകളില്‍ കാണുന്നതെന്നും ഇവര്‍ പരാതിയില്‍ പറയുന്നു.
ആരാധനാലയ നിര്‍മ്മാണത്തിനുള്ള ഫണ്ടിനെക്കുറിച്ചും ഇവര്‍ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ അടുത്ത കാലത്തായി ഈ പ്രദേശങ്ങളില്‍നിന്നും യേശുക്രിസ്തുവിങ്കലേക്ക് കടന്നുവരികയും അവര്‍ ക്രിസ്ത്യാനികളായെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ ജൂലൈ മാസത്തില്‍ 20 കുടുംബങ്ങളിലെ 90 പേര് ക്രിസ്ത്യാനികളായിത്തീര്ന്നതായും റിപ്പോര്‍ട്ടിലുണ്ട്.

