പീഢനം: അഫ്ഗാനിസ്ഥാനില്‍നിന്നും ക്രൈസ്തവര്‍ രക്ഷപെടാന്‍ ആഗ്രഹിക്കുന്നു
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം തുടങ്ങിയതോടെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ വലിയ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്.
അമേരിക്കന്‍ സേന പിന്മാറിയതിനെത്തുടര്ന്ന് 2021 ഓഗസ്റ്റിലായിരുന്നു താലിബാന് ഭരണ നേതൃത്വം ഏറ്റെടുത്തത്. അതിനെത്തുടര്‍ന്ന് ആദ്യ കാലങ്ങളില്‍ രാജ്യത്തുനിന്നും നൂറുകണക്കിനു ക്രൈസ്തവര്‍ അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടുകൂടി രക്ഷപെട്ടിരുന്നു.
ശേഷിച്ച ദൈവജനം വളരെ രഹസ്യമായിട്ടായിരുന്നു ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചിരുന്നത്. അവര്‍ ഗുഹകളിലും രഹസ്യ കേന്ദ്രങ്ങളിലും കര്‍ത്താവിനെ ആരാധിച്ചുവന്നു. ക്രൈസ്തവ ആരാധനയോ മറ്റ് ഇസ്ളാമിതര മതസ്ഥര്‍ക്കുള്ള ആരാധനയോ നടത്തുന്നതില്‍ അഫ്ഗാനിസ്ഥാനില്‍ കര്‍ശന വിലക്കുണ്ട്.
ലംഘിച്ചാല്‍ വധശിക്ഷയോ അല്ലെങ്കില്‍ തടങ്കല്‍ പാളയമോ ആയിരിക്കും ആശ്രയം. ഇത് മനസ്സിലാക്കിയ വിശ്വാസികള്‍ അതീവ രഹസ്യമായാണ് കര്‍ത്താവിനെ ആരാധിച്ചു വരുന്നത്.
താലിബാന്‍കാര്‍ ആയുധങ്ങളുമായി വീടുകള്‍ തോറും കയറിയിറങ്ങി ഇസ്ളാം അല്ലാത്ത ആരാധനക്കാരുണ്ടോ എന്നു തിരക്കുകയും ചെയ്യുന്നു. എന്നാല്‍ രാജ്യത്തിനു പുറത്തു പോകാനും ആരെയും അനുവദിക്കുന്നുമില്ല. നല്ലൊരു വിഭാഗം ആളുകളും കടുത്ത ദാരിദ്ര്യവും ദുരിതവും അനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഇതിനിടയില്‍ തങ്ങള്‍ എങ്ങനെയെങ്കിലും അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെടാനുള്ള ശ്രമത്തിലാണ് വിശ്വാസികള്‍ . എന്നാല്‍ പ്രതികൂലങ്ങള്‍ വളരെ വലിയതാണെങ്കിലും ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളാകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.
വളരെ സാഹസികമായാണ് വിശ്വാസികള്‍ ഇവിടെ ജീവിതം മുന്നോട്ടു നയിക്കുന്നത്. അടുത്തിടെ ഒരു ദമ്പതികള്‍ തങ്ങളുടെ കുഞ്ഞുമായി അതിസാഹസികമായി രക്ഷപെട്ട് ബ്രസീലില്‍ അഭയം തേടി.
അതുപോലെ മറ്റൊരു ദമ്പതികളും കുഞ്ഞും ഈജിപ്റ്റിലേക്കു കടന്നു. രാജ്യത്ത് ജനസംഖ്യയില്‍ 99 ശതമാനവും മുസ്ളീങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം 12000ത്തോളം ക്രൈസ്തവര്‍ മാത്രമേ അഫ്ഗാനിസ്ഥാനിലുള്ളു.
ഇതില്‍ നല്ലൊരു ശതമാനവും പലപ്പോഴായി രാജ്യം വിടുകയുണ്ടായി. ദൈവമക്കള് ശക്തമായി പ്രാര്‍ത്ഥിക്കുക.

