35 വയസില്‍ താഴെയുള്ളവര്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് വര്‍ദ്ധിക്കുന്നു; അന്വേഷിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: രാജ്യത്ത് 35 വയസില്‍ താഴെയുള്ളവരില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രീയ വ്യാപകമാകുന്നു. ഈ സാഹചര്യത്തില്‍ ഇവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ .
ഇതേക്കുറിച്ച് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നാണ് വിവരം ശേഖരിക്കുന്നത്. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 3.3 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ ശസ്ത്രക്രീയയിലുണ്ടായിരിക്കുന്നത്.
ക്രമരഹിതമായ രക്തസ്രാവം, ഗര്ഭപാത്രത്തിലുണ്ടാകുന്ന ഫൈബ്രോയിഡുകള്‍ തുടങ്ങിയവയ്ക്ക് ശാശ്വത പരിഹാരമായാണ് പൊതുവേ ഈ ശസ്ത്രക്രീയ നിര്‍ദ്ദേശിക്കുന്നത്.
ദേശീയ ആരോഗ്യ സംഘടനയുടെ 2019-ലെ കണക്ക് പ്രകാരം ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ ശരാശരി പ്രായം 34 ആണ്.
ജര്‍മ്മനി, യു.എസ്., ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ 44-59 വയസിനിടയിലാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ ശസ്ത്രക്രീയകളില്‍ 67.7 ശതമാനവും നടക്കുന്നത് സ്വകാര്യ ആശുപത്രികളിലാണ്.
സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഗര്‍ഭപാത്രം നീക്കം ചെയ്യലല്ലെന്നും മറിച്ച് സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നുമാണ് ആരോഗ്യരംഗത്തെ പഠനം വ്യക്തമാക്കുന്നത്.

