2022-ല്‍ നൈജീരിയായില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് 4000 ക്രൈസ്തവര്‍
അബുജ: 2022-ന്റെ തുടക്കം മുതല്‍ നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത് 4000 ക്രൈസ്തവരെന്ന് റിപ്പോര്‍ട്ട്.
10 മാസത്തിനിടയില്‍ 2315 വിശ്വാസികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തതായി ദ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരം.
ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം മൊത്തം 4020 ക്രൈസ്തവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 2650 പേരും കൊല്ലപ്പെട്ടത് ഫുലാനി ഹെര്‍ഡ്സ്മെന്‍ എന്ന തീവ്രവാദി സംഘത്തിന്റെ ആക്രമണങ്ങളിലാണ്.
മറ്റ് തീവ്രവാദി സംഘടനകളായ ബോകോ ഹറാം, അന്‍സാരു എന്നിവയുടെ ആക്രമണങ്ങളില്‍ 450 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഫുലാനി ബാന്‍ഡിസ്റ്റ്സ് ഗ്രൂപ്പിന്റെ ആക്രമണങ്ങളില്‍ 370 ക്രൈസ്തവരും മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രൈസ്തവരെ കൊന്നൊടുക്കുന്ന ഈ തീവ്രവാദി ഗ്രൂപ്പുകളൊക്കെ നൈജീരിയന്‍ സര്‍ക്കാരുമായി സൌഹാര്‍ദ്ദത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരി മുതല്‍ ജൂണ്‍ വരെ 1401 ക്രൈസ്തവരാണ് തട്ടിക്കൊണ്ടു പോകലിന് ഇരകളായത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ 915 പേരും തീവ്രവാദികളാല്‍ തട്ടിക്കൊണ്ടു പോകലിനു വിധേയരായി.
തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ 1090 പേരും തിരികെ വീടുകളിലേക്ക് എത്തപ്പെടാന്‍ കഴിയാത്തവണ്ണം കൊല്ലപ്പെടുകയോ തടങ്കലുകളില്‍ ക്രൂരമായ പീഢനം അനുഭവിക്കുന്നവരോ ആണ്.
ഇസ്ളാം മതത്തിലേക്കു മതം മാറ്റാനും മോചന ദ്രവ്യത്തിനും മറ്റുമായാണ് ക്രൈസ്തവരെ തട്ടിക്കൊണ്ടു പോകുന്നത്.

