പ്രതികാരം ചെയ്യുന്ന തലമുറ
എന്തിനും ഏതിനും അക്രമങ്ങള്‍ കാട്ടുന്ന തലമുറകളാണിന്ന്. സഹോദരങ്ങള്‍ തമ്മില്‍ , മാതാപിതാക്കള്‍ തമ്മില്‍ തമ്മില്‍ , രാഷ്ട്രീയക്കാര്‍ തമ്മില്‍ തമ്മില്‍ , സമുദായങ്ങള്‍ തമ്മില്‍ തമ്മില്‍ …. ആര്‍ക്കും പരസ്പരം സ്നേഹമില്ല.
ക്രൂരത നിറഞ്ഞ സംഭവങ്ങള്‍ ദിവസേന നാടിനെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെയുള്ള കൊലപാതകങ്ങള്‍ , ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍ , മാനഭംഗം തുടങ്ങിയ സംഭവങ്ങള്‍ കൊണ്ട് കേരളം ലോകത്തിനു മുമ്പില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നു. ഒന്നു പറഞ്ഞു രണ്ടാമത്തേതിനു വാളും കഠാരയും തോക്കുമെടുക്കുന്ന യുവാക്കളാണ് നമ്മുടെ നാട്ടില്‍ .
മറ്റുള്ളവരുടെ മുമ്പില്‍ വലിയവനെന്നു കാണിക്കുവാനും കൊള്ള അടിക്കുവാനും വൈരാഗ്യം തീര്‍ക്കുവാനുമൊക്കെ ക്രൂരത കാട്ടുന്നു. പല സിനിമകളുടെയും സീരിയലുകളുടെയും ദുഃസ്വാധീനം ഇത്തരം കൊള്ളരുതായ്മകള്‍ അനുകരിക്കുവാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നുണ്ട്.
ബൈബിളില്‍ ആദ്യത്തെ കൊലപാതകന്‍ കയീനാണ്. ആദാം ഹവ്വാ ദമ്പതികളുടെ പുത്രന്മാരായിരുന്നു കയീനും ഹാബേലും. ഇളയ പുത്രനായ ഹാബേലിന്റെ നന്മയിലും അനുഗ്രഹത്തിലും അസൂയ പൂണ്ട ജ്യേഷ്ഠന്‍ കയീന്‍ അവനെ കൊല ചെയ്യുകയായിരുന്നു. പിന്നീടിങ്ങോട്ട് മനുഷ്യ കുലം വിവിധ രീതികളില്‍ ഇത്തരം പാപങ്ങള്‍ ചെയ്തു കൂട്ടിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ ശരീരത്തെ മുറിവേല്‍പ്പിച്ച് ആത്മാവിനെ നശിപ്പിക്കുന്നവരെ ദൈവം വെറുതേവിടുകയില്ല.
അത്തരക്കാര്‍ക്ക് ഒരുക്കിയിരിക്കുന്ന സ്ഥലം കത്തുന്ന തീപ്പൊയ്കയായ നരകമാണ്. ഒരു മനുഷ്യ ജീവന്‍ പിറന്നു വീഴുന്നത് ദൈവം അറിഞ്ഞുകൊണ്ടുതന്നെയാണ്. ദൈവം അറിയാതെ മനുഷ്യര്‍ ജനിക്കില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ ഒരു വ്യക്തി മറ്റുള്ളവരെ നശിപ്പിച്ചാല്‍ ദൈവം അവരെ ശിക്ഷിക്കുക തന്നെ ചെയ്യും.
മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുവാന്‍ പഠിക്കണം. മനുഷ്യന് പകരം മൃഗങ്ങള്‍ക്ക് ആ പദവി ദൈവം അനുവദിച്ചു തന്നിട്ടില്ല. ചില വളര്‍ത്തു മൃഗങ്ങളെ മനുഷ്യര്‍ പരിശീലിപ്പിച്ചെടുത്തുവെന്നു മാത്രം. മനുഷ്യര്‍ മനുഷ്യവര്‍ഗ്ഗത്തെത്തന്നെ സ്നേഹിക്കണം.
മൃഗങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണനപോലും സഹോദര വര്‍ഗ്ഗത്തോട് കാണിക്കാത്തത് ലജ്ജാകരമാണ്. നമ്മുടെ വിശപ്പും വേദനയും ദുഃഖവും മറ്റുള്ളവര്‍ക്കുമുണ്ട്. അത് നാം മനസ്സിലാക്കണം. മറ്റുള്ളവരെ സ്നേഹിക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ ദ്രോഹിക്കുവാന്‍ മെനക്കെടരുത്.
കൂട്ടുസഹോദരങ്ങളോടും അയല്‍ക്കാരോടും സമൂഹത്തോടും നാം സ്നേഹവും വാത്സല്യവും കാട്ടണം. ക്രൈസ്തവരായ നമ്മുടെ കടമയാണിത്. നാം ഇവയൊക്കെ നന്നായി പാലിക്കുമ്പോള്‍ സമൂഹം ഈ നന്മയും തിരിച്ചറിയും. അവര്‍ നമ്മെ അനുകരിക്കും. സമൂഹത്തില്‍ പാപവും മ്ളേച്ഛതകളും പാടേ തുടച്ചുനീക്കുവാന്‍ ഇതുമൂലം സാധിക്കും.
ദൈവത്തോട് കൂട്ടായ്മ കാണിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ദൈവം നമ്മെ സ്നേഹിക്കുന്നതും അനുഗ്രഹിക്കുന്നതും സമൂഹം കണ്ടു നില്‍ക്കില്ല. ഒരു പക്ഷെ അവരും ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ നില്‍ക്കുന്ന സത്യമാര്‍ഗ്ഗത്തിലേക്ക് കടന്നുവരുവാനിടയാകും.
ഒരു കാലത്ത് സമൂഹത്തില്‍ ഏറ്റവും ദ്രോഹികളും കുറ്റക്കാരുമൊക്കെയായിരുന്നവരെ ദൈവം മാനാസന്തരപ്പെടുത്തി യഥാര്‍ത്ഥ മനുഷ്യനാക്കിത്തീര്‍ത്തു.
ഓരോ വ്യക്തികളുടെയും മാനസാന്തരമാണ് സമൂഹത്തിലെ തിന്മകളെയും ക്രൂര പാപങ്ങളെയും ഇല്ലാതാക്കുവാന്‍ കഴിയുന്ന ഏക മാര്‍ഗ്ഗം. അതിനു ദൈവം ശക്തമായി ഇടപെടട്ടെ.
പാസറ്റര്‍ ഷാജി.എസ്.

