സ്വയം അംഗീകരിക്കുക

സ്വയം അംഗീകരിക്കുക

Articles Breaking News Editorials

സ്വയം അംഗീകരിക്കുക

ദൈവമക്കള്‍ തങ്ങളുടെ പദവികള്‍ മനസിലാക്കി ജീവിക്കണം. അവര്‍ ഈ ലോകത്തെ മാറ്റി മറിക്കേണ്ടവരാണ്. അന്ധകാരം പിടിച്ച ഈ ലോകത്ത് വെളിച്ചം പകരേണ്ടവരാണ് ദൈവമക്കള്‍ ‍.

അവിശ്വാസികളുടെ ഇടയില്‍ നാം തന്നെ സ്വയം ബലഹീനരും ആശയറ്റവരുമായി തരം താണാല്‍ നമ്മുടെ വിശ്വാസത്തിന്റെ അര്‍ത്ഥം എന്താണ്? ജാതികള്‍ ദുഃഖിക്കുന്നതുപോലെയും ലക്ഷ്യംതെറ്റി ജീവിക്കുന്ന രീതിയിലും ദൈവമക്കള്‍ അനുകരിച്ചുകൂടാ. നാം അങ്ങനെയുള്ളവരോട് നിത്യജീവന്റെ മൊഴി പകര്‍ന്നുകൊടുക്കേണ്ടവരാണ്.

അല്ലാതെ അവരെപ്പോലെ പിറുപിറുക്കുന്നവരും കാരണമില്ലാതെ നിരാശപ്പെടുന്നവരുമാകരുത്. ഇന്ന് സമൂഹത്തില്‍ ക്രൈസ്തവര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്.

ക്രൈസ്തവര്‍ എന്നു പൊതുവെ വിലയിരുത്തപ്പെടുമ്പോഴും വേര്‍പെട്ടവരായി ജീവിക്കുന്ന നമ്മളില്‍ മറ്റുള്ളവരില്‍നിന്നും എടുത്തു പറയത്തക്ക നല്ല ഗുണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ വരുന്നതായി പലരിലും കണ്ടുവരുന്നു. വിശുദ്ധ ജീവിതവും ആത്മധൈര്യവും, ഐക്യതയും, പ്രത്യാശയുമൊക്കെ ഇന്നു അന്യമായിപ്പൊയെന്നു തോന്നുന്നു.

മറ്റുള്ളവരെ നാം ധൈര്യപ്പെടുത്തേണ്ടവരാണ്. പ്രത്യാശയില്ലാതെ, ഊമവിഗ്രഹങ്ങളില്‍ ആശ്രയിക്കുന്നവരെ മനംതിരിച്ചു കൊണ്ടുവരുവാന്‍ നാം പരിശ്രമിക്കണം. ക്രൈസ്തവ ഇതര വിഭാഗങ്ങളില്‍ നല്ലൊരു ശതമാനം പേരും നല്ല ആത്മധൈര്യമുള്ളവരാണ്.

രോഗഭയം, ഭീതി കുടുംബഭാരം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ അവര്‍ ആത്മസംയമനം പാലിക്കുന്നു. അതിനെ അവര്‍ തരണം ചെയ്തു ജീവിക്കുന്നു. അവരുടെ ദൈവത്തിലുള്ള വിശ്വാസം എന്തൊക്കെയായാലും സ്വയം ആത്മവിശ്വാസം ഉണ്ടെന്നുള്ള വസ്തുത നാം കണ്ടു പഠിക്കേണം.

മറിച്ച് പെന്തക്കോസ്തു വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്ന പലരും ഇന്ന് അത്മവിശ്വാസം നഷ്ടപ്പെട്ടവരാണ്. യേശു ആരാണെന്നുള്ള വസ്തുതപോലും മറന്നു കളയുന്നു. സകല രോഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും യേശു ഏക പരിഹാരമാണെന്നുള്ള സത്യം നാം പലപ്പോഴും വിസ്മരിക്കുന്നു.

നിസ്സാര പനിക്കുപോലും സൂപ്പര്‍ മള്‍ട്ടി സെപ്ഷ്യാലിറ്റി ആശുപത്രികള്‍ കയറി ഇറങ്ങുന്നവരാണ് അധികം പേരും. നാം മറ്റുള്ളവരോട് രോഗശാന്തിയേക്കുറിച്ച് സാക്ഷ്യം പറയുമ്പോഴും നമ്മള്‍ നിസ്സാര കാര്യങ്ങള്‍ക്കു വേണ്ടിയും മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കുന്നതു യോഗ്യമാണോ? നമ്മുടെ ബുദ്ധിമുട്ടുകള്‍ ‍, പ്രശ്നങ്ങള്‍ ഒക്കെയും പരിഹരിക്കുവാന്‍ നമ്മുടെ വീണ്ടെടുപ്പുകാരനായ കര്‍ത്താവിനു സാധിക്കും എന്നുള്ള വിശ്വാസം നമുക്കുണ്ടായിരിക്കണം.

നമ്മിലുള്ള വിലയേറിയ വിശ്വാസം മറ്റുള്ളവരും അനുകരിക്കുവാന്‍ നാം ഇടംകൊടുക്കണം. നമ്മുടെ ജീവിതം അടിയുറച്ച വിശ്വാസത്തിലധിഷ്ഠിതമാണെന്ന് സമൂഹം സാക്ഷ്യപ്പെടുത്തട്ടെ.
പാസ്റ്റര്‍ ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.