232 വര്‍ഷത്തിനുശേഷം അമേരിക്കന്‍ നാണയം പെനി നിര്‍ത്തലാക്കി
ഫിലാദെല്‍ഫിയ: അമേരിക്കയുടെ ജനപ്രിയ പുരാതന നാണയമായ പെനി നിര്‍ത്തലാക്കി. നാണയം നിര്‍മ്മിക്കാനുള്ള ചിലവ് ഒരു പെനിയേക്കാള്‍ വര്‍ദ്ധിച്ചതിനാലാണ് അമേരിക്കയിലെ സാമ്പത്തിക മന്ത്രാലയം പെനി നിര്‍മ്മാണം നിര്‍ത്തലാക്കിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് 232 വര്‍ഷമായി ഫിലദെല്‍ഫിയായില്‍നിന്ന് പുറത്തിറക്കിയിരുന്ന പെനി അതിന്റെ അവസാനത്തെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അവസാനത്തെ പെനി കാണാന്‍ ട്രഷറിയിലെ ഉന്നതരെല്ലാമുണ്ടായിരുന്നു.
എന്നാല്‍ അന്ത്യ വാക്കുകളൊന്നും ഉണ്ടായില്ല. നിലവില്‍ പ്രചാരത്തിലുള്ള പെനികള്‍ കറന്‍സിയുടെ പണ പ്രവാഹത്തില്‍ പഴയതുപോലെ ചലിക്കും. എന്നാല്‍ പകരം പുതുതായി മറ്റൊന്ന് ഉണ്ടാകില്ല. ഒരു നാണയം നിര്‍മ്മിക്കാന്‍ നാല് സെന്റ് ആണ് ചിലവ്.
ഇത് പെനിയുടെ യഥാര്‍ത്ഥ മൂല്യമായ ഒരു സെന്റിനേക്കാള്‍ കൂടുതലാണ്. ഇത് സാമ്പത്തിക വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന തകര്‍ച്ച മുന്നില്‍ കണ്ടാണ് പെനി നിര്‍ത്തലാക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പെനി നിര്‍ത്തലാക്കാന്‍ ട്രഷറിയോട് നിര്‍ദ്ദേശിച്ചിരുന്നു.
ഇത് ഒരു കാലത്ത് മിതവ്യയത്തിന്റെ പ്രതീകമായിരുന്നു. ഒരു പെനി ഡ്രോപ്പിംഗും ഇല്ലാതെ ഒരു ഐഡിയായും ഉണ്ടായിട്ടില്ല എന്നാണ് അമേരിക്കയിലെ ഒരു പഴഞ്ചൊല്ല്. 1793-ലാണ് അമേരിക്കയില്‍ പെനി ഫിലാദെല്‍ഫിയയില്‍ പിറന്നത്.
അന്നത്തെ ട്രഷറി സെക്രട്ടറി അലക്സാണ്ടര്‍ ഹാമില്‍ടെണ്‍ ആയിരുന്നു. കോയിന്റെ നിയമം നടപ്പിലാക്കിയത് അദ്ദേഹമായിരുന്നു.
ആദ്യം പ്രിന്റ് ചെയ്തത് ലേഡി ലിബര്‍ട്ടിയുടെ ചിത്രമായിരുന്നു.. പിന്നീട് 1909 മുതല്‍ ഇന്നോളം പെനിയില്‍ പ്രത്യക്ഷപ്പെട്ടത് ഏബ്രഹാം ലിങ്കന്റെ ചിത്രമായിരുന്നു.
1943 വരെ ചെമ്പിലായിരുന്നു ഇത് തയ്യാറാക്കിയിരുന്നത്. പിന്നീട് ചെമ്പിന് ക്ഷാമം വന്നപ്പോള്‍ ഒരു വര്‍ഷം സിങ്ക് പൂശിയ സ്റ്റീലിലാക്കി. തുടര്‍ന്ന് 2.5 ശതമാനം മാത്രം ചെമ്പും ബാക്കി സിങ്കും ചേര്‍ന്നാണ് നാണയം ഇറക്കിയിരുന്നത്.
എന്നാല്‍ നിലവിലുള്ള പെനി ഉപയോഗിക്കാം. 250 ബില്യന്‍ പെനി ഇപ്പോള്‍ത്തന്നെ നാണയ വ്യവസ്ഥയില്‍ നിലവിലുണ്ട്.

