സുവിശേഷ വേലയെ സഹായിക്കേണ്ടത് കടമ

സുവിശേഷ വേലയെ സഹായിക്കേണ്ടത് കടമ

Articles Breaking News Editorials

സുവിശേഷ വേലയെ സഹായിക്കേണ്ടത് കടമ

സുവിശേഷവേല ഇന്നു വളരെ ശക്തമായി ലോകത്തു നടന്നുകൊണ്ടിരിക്കുകയാണ്. ലോക ത്ത് ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചില രാഷ്ട്രങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നത് സാമ്പത്തിക പ്രശ്നങ്ങളായാണ്.

മിഷണറിമാര്‍ക്കും ശുശ്രൂഷകന്മാര്‍ക്കും തങ്ങളുടെ ജീവിത ആവശ്യങ്ങള്‍ക്കുള്ള പണം ഇല്ലാതെ വരുമ്പോള്‍ അവരുടെ ജീവിതം വഴിമുട്ടുന്നു. അവര്‍ ക്കുള്ള ദര്‍ശനവും എരിവും നഷ്ടപ്പെടാതെവണ്ണം പട്ടിണി കിടന്നാണെങ്കിലും സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുന്നത് ശ്രദ്ധേയമാണ്.

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവും ഒരു ദരിദ്രനായിരുന്നു. മൂന്നര വര്‍ഷക്കാലത്തെ തന്റെ ഇഹലോകജീവിതത്തില്‍ ഒന്നും സ്വന്തമായി നേടിയിരുന്നില്ല. യേശുവും ശിഷ്യന്മാരും പല സ്ഥലങ്ങളിലും സഞ്ചരിച്ചു മഹത്വമേറിയ ശുശ്രൂഷകള്‍ ചെയ്തു. തന്റെ അത്ഭുതങ്ങളിലും അടയാളങ്ങളിലും അനുഭവസ്ഥരായ പലരും യേശുവിനെ അനുഗമിച്ചിരുന്നു.

വ്യാധികളില്‍നിന്നും ഭൂതങ്ങളില്‍നിന്നും വിടുതല്‍ പ്രാപിച്ചവരും രോഗസൌഖ്യം പ്രാപിച്ചവരും മരിച്ച അവസ്ഥയില്‍നിന്നു പുതുജീവന്‍ പ്രാപിച്ചവരുമൊക്കെ യേശുവിനെ അനുഗമിച്ചു. തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരും അനേകരാണ്.

അവരും യേശുവിനെ അനുഗമിച്ചിരുന്നു. ഇവരില്‍ സമ്പന്നരും ദരിദ്രരും ഉണ്ടായിരുന്നു. ഇവര്‍ നല്‍കിയ ഔദാര്യങ്ങളും സംഭാവനകളും യേശുവിനുപകരിച്ചിരുന്നു. എന്നാല്‍ യേശു ഇതെല്ലാം സ്വരൂപിച്ചുകൂട്ടി തന്റെ സ്വന്തം ഇഷ്ടത്തിനും കുടുംബത്തിനും വിനിയോഗിക്കുകയല്ലായിരുന്നു.

സുവിശേഷ വേലയ്ക്കായി പ്രയോജനപ്പെടുത്തുകയായിരുന്നു. (ലൂക്കോ. 8:3) ജനങ്ങളുടെ ഇടയില്‍ യേശു എന്നും ദരിദ്രന്‍തന്നെയായിരുന്നു. എന്നിട്ടും യേശുവിന്റെയും ശിഷ്യന്മാരുടെയും, അനുയായികളുടെയും ആവശ്യങ്ങള്‍ ദിനംപ്രതി ഭംഗിയായി നടന്നുവന്നിരുന്നു. ഇതു നമുക്കേവര്‍ക്കും മാതൃകയാണ്.

യേശുവില്‍നിന്നും നന്മയും അനുഗ്രഹങ്ങളും അനുഭവിച്ചവര്‍ നല്‍കിയ സംഭാവനകള്‍ യേശുവിന്റെ കാല്‍ക്കല്‍ അവര്‍ അര്‍പ്പിച്ചിരുന്നു. അതുപോലെ ശിഷ്യന്മാരുടെയും അപ്പോസ്തോലന്മാരുടെയും പ്രവര്‍ത്തനങ്ങളാല്‍ അനുഗ്രഹം പ്രാപിച്ചവരും വിടുതല്‍ പ്രാപിച്ചവരും നല്‍കിയ സംഭാവനകള്‍ മറ്റു സ്ഥലങ്ങളിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്തന്മാര്‍ വിനിയോഗിച്ചിരുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

അന്നു ദൈവവേലയ്ക്കായി കൊടുക്കുവാനും അതു കൃത്യമായി വിനിയോഗിക്കുവാനുമുള്ള സന്നദ്ധതയും വിശ്വസ്തതയും എല്ലാവര്‍ക്കും ഉണ്ടായിരുന്നു. 21-ാം നൂറ്റാണ്ടു വരെയും ഈ രീതി തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ചിലരൊക്കെയും നമുക്ക് അപവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

ഭൌതിക നന്മകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വിടുതലിനുവേണ്ടി അപേക്ഷിക്കുകയും ചെയ്തശേഷം, അതു ലഭിച്ചശേഷം ദൈവദാസന്മാരെ അവഗണിക്കുന്ന പ്രവണത ശരിയല്ല. അത് തിരുത്തേണ്ടത് ആവശ്യമാണ്. ദൈവവേലയ്ക്കും, ദൈവദാസന്മാര്‍ക്കും, നമ്മള്‍ നമ്മുടെ കലവറകള്‍ തുറന്നു കൊടുക്കുക.

അങ്ങനെ ചെയ്യുമ്പോള്‍ നമ്മള്‍ കൂടുതല്‍ അനുഗ്രഹം പ്രാപിക്കും. വിലകൂടിയ സാധനങ്ങള്‍ വാങ്ങിച്ചും മോടിയുള്ള ഭവനങ്ങള്‍ നിര്‍മ്മിച്ചും ആഡംബര ജീവിതം നയിക്കുകയും ചെയ്യുമ്പോള്‍ ‍, ബുദ്ധിമുട്ടുള്ള ദൈവദാസന്മാരെ സഹായിക്കുവാന്‍ ഓര്‍ക്കുക. അവരെ സഹായിക്കേണ്ടത് അവിശ്വാസികളല്ല, വിശ്വാസികളാണ്.
പാസ്റ്റര്‍ ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.