വചനമാകുന്ന ഭക്ഷണം

വചനമാകുന്ന ഭക്ഷണം

Articles Breaking News Editorials

വചനമാകുന്ന ഭക്ഷണം

ശരീര പുഷ്ടിക്കും ബലത്തിനും ഇന്ന് എന്തെല്ലാം ഭക്ഷണങ്ങളാണുള്ളത്. ഓരോ തരത്തിലുള്ള പുതിയ പുതിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മനുഷ്യര്‍ നിര്‍മ്മിക്കുന്നു.

അവ വിപണിയില്‍ വില്‍ക്കപ്പെടുന്നു. അവയുടെ ഗുണങ്ങളോ നിലവാരങ്ങളോ പോലും അന്വേഷിക്കാതെ നിറവും, ആകൃതിയും കണ്ടു മാത്രം വാങ്ങി ഭക്ഷിക്കുന്നത് ഒരു ശീലം തന്നെ. പണ്ടുകാലത്ത് നമ്മുടെ പിതാക്കന്മാര്‍ ദൂരയാത്രകള്‍ക്കു ഭക്ഷണം കരുതുമായിരുന്നു.

ഇന്ന് ആ സ്ഥിതി മാറി. ബസുകളിലും, ട്രെയിനുകളിലും, വിമാനങ്ങളിലും, കപ്പലുകളിലുമെല്ലാം ആഹാരം റെഡി. ലോഡ്ജില്‍ താമസിക്കുന്നവരുടെ മുറികളില്‍പോലും ആഹാരം എത്തുന്നു. ദിവസവും മൂന്നു നേരമോ നാലുനേരമോ ആഹാരം കഴിക്കുന്ന പതിവ് ആര്‍ക്കും മുടക്കുവാന്‍ പ്രായാസകരമാണ്.

എന്തെന്നാല്‍ ആഹാരം നമ്മുടെ പ്രാണവായുപോലെയാണ്. ഇതൊക്കെ ഭൌതിക ആഹാരത്തിന്റെ കാര്യം. ഭക്തനായ ഇയ്യോബ് പറയുന്നത് ശ്രദ്ധിക്കുക “ഞാന്‍ അവന്റെ അധരങ്ങളുടെ കല്‍പ്പന വിട്ടു പിന്മാറിയിട്ടില്ല, അവന്റെ വായിലെ വചനങ്ങളെ എന്റെ ആഹാരത്തേക്കാള്‍ സൂക്ഷിച്ചിരിക്കുന്നു” (ഇയ്യോബ്.23:12). ഒരു ദൈവപൈതല്‍ ബാഹ്യമായ എന്തിനേക്കാളും വിലകല്‍പ്പിക്കേണ്ടത് ദൈവവചനത്തിനാണ്.

നാം ആഹാരത്തിനുവേണ്ടിയാണ് അദ്ധ്വാനിക്കുന്നതും വിയര്‍പ്പൊഴുക്കുന്നതും. അദ്ധ്വാനിക്കാതെ ഭക്ഷിക്കുന്നതും നന്നല്ല. എന്നാല്‍ ദൈവവചനം നമുക്കു ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ്. ദൈവത്തിന്റെ വായില്‍ നിന്നുമുള്ള വചനം ജീവനുള്ളതാണ്. അത് നമ്മെ ജീവിപ്പിക്കുകയും ചെയ്യുന്നു.

ഇന്ന് നമ്മുടെ സമൂഹത്തെ ഇത്രത്തോളം മാറ്റം വരുത്തിയത് ദൈവവചനമാണ്. ഒരുകാലത്ത് കേരളം അന്ധകാരം പിടിച്ച നാടായിരുന്നു. ഇവിടെ വിദേശ ക്രൈസ്തവ മിഷനറിമാര്‍ എത്തി ദൈവത്തിന്റെ മാറ്റമില്ലാത്ത വചനം, പാപത്തിലും ശാപത്തിലും അജ്ഞതയിലും കഴിഞ്ഞിരുന്ന ജനവിഭാഗങ്ങളുടെ ഉള്ളില്‍ പകര്‍ന്നു നല്‍കി അവരെ യഥാര്‍ത്ഥ മനുഷ്യരാക്കിത്തീര്‍ത്തു.

ആ വെളിച്ചം ഇന്നും അണയാതെ നമ്മുടെ ഭവനങ്ങളില്‍ ജ്വലിക്കുന്നു. എന്നാല്‍ ഇന്നത്തെ തലമുറകള്‍ ദൈവവചനത്തിനു പ്രാധാന്യം നല്‍കുന്നുണ്ടോ എന്നു സംശയമാണ്. മാതാപിതാക്കള്‍ ക്രൈസ്തവരായതുകൊണ്ടുമാത്രം തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളിലും തിരിച്ചറിയല്‍ കാര്‍ഡുകളിലും ക്രൈസ്തവര്‍ എന്ന ലേബല്‍ കിടക്കുന്നുവെന്നുമാത്രം.

ദൈവവചനം ശരിയായ രീതിയില്‍ ഹൃദയത്തില്‍ എത്തിയിട്ടില്ലാത്തതിനാലാണ് പലരും ക്രൈസ്തവരുടെ നാമം ദുഷിപ്പിക്കുന്നത്. ശരിയായ രീതിയില്‍ ദൈവവചനം വായിക്കുകയോ ധ്യാനിക്കുകയോ ചെയ്യുവാന്‍ സമയം ഇല്ല. ദൈവദാസന്മാരിലൂടെ ഇന്നു ദൈവസഭകളിലും കൂട്ടായ്മകളിലും ദൈവവചനം വിളമ്പുമ്പോള്‍ അത് ആവശ്യത്തിനു ഭക്ഷിക്കുവാന്‍ താല്‍പ്പര്യം കാട്ടുന്നില്ല.

ഇന്റര്‍ നെറ്റ് ടെലിവിഷന്‍ സംവിധാനങ്ങളിലൂടെ ദൈവത്തിന്റെ അഭിഷിക്തന്മാര്‍ ദൈവവചനം പ്രസംഗിക്കുമ്പോള്‍ 10 മിനിറ്റുപോലും അവയൊന്നു ശ്രവിക്കുവാന്‍ മനസ്സുകൂട്ടാക്കാത്തവരാണ് പലരും.

ഭൌതിക ആഹാര പദാര്‍ത്ഥങ്ങള്‍ക്കായി മനുഷ്യന്‍ ബദ്ധപ്പെടുമ്പോള്‍ ആത്മീക ആഹാരമായ ദൈവവചനത്തിനായുള്ള വിശപ്പുണ്ടാകുന്നില്ല. അത് നല്ലതല്ല. ദൈവവചനം നമ്മെ ദൈവത്തോടു കൂടുതല്‍ അടുപ്പിക്കുന്നു, നമ്മെ നിയന്ത്രിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്നു. ആ സത്യം നാം എപ്പോഴും ഓര്‍ക്കട്ടെ.

പാസ്റ്റര്‍ ഷാജി. എസ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.