2000ത്തിന്റെ നോട്ടുകളില്‍ 60 ശതമാനവും കള്ളനോട്ടാണെന്ന് എന്‍സിആര്‍ബി
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയ കള്ളനോട്ടുകളില്‍ 60 ശതമാനവും 2000 രൂപയുടേതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി). 20.39 കോടി മൂല്യമുള്ള 310,080 കള്ളനോട്ടുകളാണ് 2021-ല്‍ പിടികൂടിയത്.
ഇതില്‍ 60,915 നോട്ടുകളും (മൂല്യം 12.18 കോടി) 2000 രൂപയുടേതാണ്. തമിഴ്നാട്ടില്‍നിന്നുമാണ് 2000 രൂപയുടെ ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയത്. 25,012 നോട്ടുകള്‍ സംസ്ഥാനത്തുനിന്നും പിടികൂടി.
കേരളം (9065) ആന്ധ്രാപ്രദേശ് (5012), എന്നിങ്ങനെയാണ് കണക്ക്. 6.6 കോടി മൂല്യമുള്ള 500 രൂപയുടെ നോട്ടുകളും 25 ലക്ഷത്തിന്റെ 200 നോട്ടുകളും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.
2016 നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അപ്രതീക്ഷിതമായി 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിരോധിച്ചത്.
അവയ്ക്കു പകരം രൂപ കല്‍പ്പന ചെയ്ത 500 രൂപയുടെയും പുതുതായി അവതരിപ്പിച്ച 2000 രൂപായുടെയും നോട്ടുകളും പുറത്തിറക്കി. അഴിമതി, കള്ളപ്പണം, തീവ്രവാദം എന്നിവ തടയല്‍ ലക്ഷ്യമിട്ടുള്ളതാണ് നടപടിയെന്നായിരുന്നു മോഡിയുടെ പ്രതികരണം.
എന്നാല്‍ 2016 മുതല്‍ വ്യാജ കറന്‍സികള്‍ പിടിച്ചെടുക്കുന്നതില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
2016 -ല്‍ 15.926 കോടിയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തതെങ്കില്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ യഥാക്രമം 28.10 കോടി, 17.95 കോടിയായി വര്‍ദ്ധിച്ചു.
2018 ല്‍ 25.39 കോടി കള്ള നോട്ടുകള്‍ പിടിച്ചെടുത്തപ്പോള്‍ 92.17 കോടിയാണ് 2019-ലെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ രണ്ടു വര്‍ഷമായി 2000 നോട്ടുകള്‍ അച്ചടിക്കുന്നില്ലെന്നാണ് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്.

