മൊബൈല്‍ കണ്ടുപിടിച്ച ആള് പറയുന്നു “ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്”
ഇന്ന് ലോകത്ത് ഭൂരിപക്ഷം ആളുകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ നല്ലോരു ഭാഗവും മൊബൈല്‍ ഫോണുകളിലാണ് നമ്മള് സമയം ചിലവിടുന്നത്.
എന്നാല്‍ മൊബൈല്‍ ഫോണ്‍ ലോകത്തിന് ആദ്യം സമ്മാനിച്ച ആള്‍തന്നെ ലോകത്തോടു പറയുന്നു ഫോണ്‍ മാറ്റിവെച്ച് ജീവിക്കാന്‍ നോക്ക്. 1973-ലാണ് മാര്ട്ടിന് കൂപ്പര്‍ മോട്ടറോള ഡൈന ടിഎസി 8000 എക്സ് എന്ന ആദ്യത്തെ വയര്‍ലെസ് സെല്ലുലാര്‍ ഫോണ്‍ അവതരിപ്പിച്ചത്.
നമ്മുടെ ചെവിക്കും വായയ്ക്കും ഇടയില്‍ യോജിക്കുന്ന വലിപ്പമുള്ളതും പോക്കറ്റില്‍ കൊള്ളുന്നതുമായിരുന്ന ഒരു ഫോണ്‍ ആയിരുന്നു തന്റെ ഭാവനയില്‍ ഉണ്ടായിരുന്നത് എന്ന് അദ്ദേഹം ബിബിസി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കൈയ്യില്കൊണ്ടുനടക്കാവുന്ന ഫോണ്‍ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയ മാര്ട്ടിന് കൂപ്പറിന് ഇന്ന് മൊബൈല്‍ ഫോണില്‍ സമയമത്രയും ചിലവഴിക്കുന്ന തലമുറയോട് പറയാനുള്ളത് ഇതുതന്നെയാണെന്ന് 93 കാരനായ അദ്ദേഹം പറയുന്നു.
അഞ്ച് മണിക്കൂറിനു മുകളില്‍ മൊബൈല്‍ ഫോണില്‍ സമയം ചിവവിടുന്ന തന്നെപോലുള്ളവരോട് എന്താണ് പറയാനുള്ളത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൂപ്പര്‍ .
നിങ്ങള്‍ ശരിക്കും ഒരു ദിവസം അഞ്ചു മണിക്കൂര്‍ ഫോണില്‍ ചിലവഴിക്കാറുണ്ടോ? അദ്ദേഹം ചോദിച്ചു. ഒരു ജീവിതം സ്വന്തമാക്കൂ എന്ന് ഞാന്‍ പറയും.
ഫോണുകളില്‍ അധിക സമയം ചിലവിടുന്നവര്‍ വളരെ കുറച്ചു സമയം മാത്രമേ ജീവിക്കുന്നുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സമയത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ ഞാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
ആപ്പ് മോണിറ്ററിങ് സ്ഥാപനമായ ആപ്പ് ആനിയുടെ കണക്കനുസരിച്ച് ആളുകള്‍ ശരാശരി ഒരു ദിവസം 4.8 മണിക്കൂര്‍ നേരം അവരുടെ ഫോണില്‍ ചിലവഴിക്കാറുണ്ട്.

