മരിച്ച സഹോദരി പൂച്ചയായെത്തിയെന്ന്; ആഡംബര കൊട്ടാരമൊരുക്കി കുടുംബം
ഗാന്ധിനഗര്‍ : ഗുജറാത്തിലെ കച്ച് സ്വദേശിയായ ഉപേന്ദ്ര ഗോസ്വാമി തന്റെ പ്രിയപ്പെട്ടവര്‍ക്കായി ഒരുക്കിയ ആഡംബര സൌധമായ കാറ്റ് ഗാര്ഡന് പലര്‍ക്കും ഒരു കൌതുകമാണ്.
പ്രിയപ്പെട്ടവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യ സ്നേഹബന്ധങ്ങളല്ല, മറിച്ച് പൂച്ചയ്ക്കു വേണ്ടിയാണ്. അതിനു പിന്നിലൊരു ചരിത്രമുണ്ട്.
1994-ല്‍ ഉപേന്ദ്രയുടെ സഹോദരി മരിച്ചു. എന്നിട്ടും എല്ലാ വര്‍ഷവും സഹോദരിയുടെ പിറന്നാള്‍ ദിനം കുടുംബം ആഘോഷിച്ചിരുന്നു. അങ്ങനെ ഒരു പിറന്നാള്‍ ദിനത്തില്‍ എവിടെനിന്നോ ഒരു പൂച്ച ആഘോഷങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നു. വീട്ടുകാര്‍ നല്കിയ പിറന്നാള്‍ കേക്ക് മുഴുവനും പൂച്ച കഴിച്ചു. അതിനുശേഷം അതു വീടുവിട്ടു പോകാതെ കുടുംബത്തോടൊപ്പം കൂടി.
ഇതോടെ മരിച്ച സഹോദരി പൂച്ചയുടെ രൂപത്തില്‍ തിരികെ വീട്ടിലെത്തിയതാണെന്ന് ഉപേന്ദ്രയും കുടുംബവും വിശ്വസിച്ചു. പിന്നീട് കുടുംബമൊന്നാകെ പൂച്ചകളോട് പ്രത്യേക താല്‍പ്പര്യം കാണിച്ചു തുടങ്ങി.
ഒടുവില്‍ 2017-ല്‍ കാറ്റ് ഗാര്ഡന് എന്ന പേരില്‍ ഒരു ആഡംബര വിടു പണിതു തുടങ്ങി. 4500 ചതുരശ്ര അടി വലിപ്പമുള്ള കൊട്ടാരം. എസി മുറികള്‍ , 16 കോട്ടേജുകള്‍ , മികച്ച കിടക്കകള്‍ , കഴിക്കാന്‍ ബ്രാന്‍ഡ് ഭക്ഷണം. (ഇതിനായി മികച്ച ബ്രാന്‍ഡിന്റെ കാറ്റ് ഫുഡ് 3 നേരവുമുണ്ട്).
കുളിപ്പിക്കാനും പരിപാലിക്കാനുമായി ജോലിക്കാര്‍ . 20 പൂച്ചകളാണ് ഈ പൂച്ചക്കൊട്ടാരത്തിലുള്ളത്. കൂടാതെ പൂച്ചകളുടെ വിശ്രമ വേളകള്‍ ആനന്ദകരമാക്കാന്‍ മൃഗങ്ങളുടെ പരിപാടികള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു മിനി തീയറ്ററും കാറ്റ് ഗാര്‍ഡനിലുണ്ട്. കൃത്യമായ മെഡിക്കല്‍ ചെക്കപ്പുമുണ്ട്.
പ്രതിമാസം ഒന്നര ലക്ഷം രൂപയാണ് ഈ പൂച്ചക്കൊട്ടാരത്തിലേക്ക് ചെലവഴിക്കുന്നത്. ഇതില്‍ 90 ശതമാനവും ഉപേന്ദ്രയും ഭാര്യയും വഹിക്കും. ബാക്കി തുകകള്‍ ചാരിറ്റി സംഘടനകളുടെ സംഭാവനകളാണ്. സന്ദര്‍ശകര്‍ക്ക് കാറ്റ് ഗാര്ഡന് സന്ദര്‍ശിക്കാനായി ചെറിയ തുക മുടക്കി അവസരവുമുണ്ട്.
വിശുദ്ധ ബൈബിള്‍ വ്യക്തമാക്കുന്നത് മനുഷ്യന് മരിച്ചാല്‍ ആത്മാവ് ശരീരത്തില്‍നിന്നും വിട്ടുപോയി അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ഇടങ്ങളില്‍ വിശ്രമത്തിലാണ്.
യേശുക്രിസ്തുവിനെ വിശ്വസിച്ച് ജീവിച്ച് ദൈവവചന പ്രകാരം ജീവിച്ചു മരിക്കുന്നവര്‍ കര്‍ത്താവിന്റെ രണ്ടാം വരവിങ്കല്‍ കാഹള ശബ്ദം കേള്‍ക്കുമ്പോള്‍ ഉയര്‍ത്തെഴുന്നേറ്റ് കര്‍ത്താവിനോടു ചേരും. അല്ലാത്തവര്‍ പിന്നീട് ന്യായവിധിക്കായി ഉയര്‍ത്തപ്പെടും എന്നാണ്. (ദാനിയേല്‍ 12:2, യോഹ. 5:28,29)

