യു.പി.യില്‍ നിര്‍ബന്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സായി
ലക്നൌ: ഉത്തര്‍പ്രദേശില്‍ നിയമ വിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് (2020) എന്നു പേരിട്ടിരിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം ചൊവ്വാഴ്ച അനുമതി നല്കി.
തെറ്റിദ്ധരിപ്പിച്ചോ, നിര്‍ബന്ധിച്ചോ, പണം വാഗ്ദാനം ചെയ്തോ, പ്രലോഭനത്തിലൂടെയോ മതപരിവര്‍ത്തനത്തിനു പുറമേ വിവാഹം മാത്രം ലക്ഷ്യമിട്ടുള്ള മതപരിവര്‍ത്തനവും ജാമ്യമില്ലാ വകുപ്പു പ്രകാരം കുറ്റകരമാണെന്ന് ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു.
വിവാഹാനന്തരം മതപരിവര്‍ത്തനത്തിനു താല്പ്പര്യപ്പെടുന്നവര് കുറഞ്ഞത് രണ്ടു മാസം മുമ്പെങ്കിലും വിവരം ജില്ലാ മജിസ്ട്രേറ്റുമാരെ അറിയിച്ചിരിക്കണം. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്നവര്‍ക്ക് ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ.
എസ്.സി.എസ്.ടി. വിഭാഗക്കാരായ സ്ത്രീകളെയോ, പ്രായപൂര്‍ത്തിയാകാത്തവരെയോ ആണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കുന്നതെങ്കില്‍ മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവും, 25,000 രൂപ പിഴയും നല്‍കണം.
കൂട്ട പരിവര്‍ത്തന കേസുകളില്‍ 10 വര്‍ഷം ജയില്‍വാസവും 50,000 രൂപയുമാണ് പിഴ ശിക്ഷ. മതംമാറ്റം നിര്‍ബന്ധിതമോ, വിവാഹത്തിനുവേണ്ടിയുള്ളതോ അല്ലെന്നു തെളിയിക്കേണ്ട ബാദ്ധ്യത മതപരിവര്‍ത്തനം നടത്തുന്ന വ്യക്തിക്കായിരിക്കുമെന്നും ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു.

