കോവിഡ് മാറാന്‍ രോഗിയുടെ മേല്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചിരുന്ന പാസ്റ്റര്‍ കോവിഡ് ബാധിച്ചു മരിച്ചു
യുവാണ്ടെ: രോഗ സൌഖ്യത്തിനായി കോവിഡ് ബാധിതരുടെമേല് കൈവെച്ച് പ്രാര്‍ത്ഥിച്ചിരുന്ന പാസ്റ്റര്‍ കോവിഡ് ബാധിച്ചു മരിച്ചു. ആഫ്രിക്കന്‍ രാഷ്ട്രമായ കാമറൂണിലെ കിംഗ്ഷിപ്പ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് ചര്‍ച്ചിന്റെ സ്ഥാപകനും പാസ്റ്റ്രുമായ ഫ്രാങ്ക്ലിന് എന്‍ഡൈഫര്‍ (30) ആണ് കോവിഡ് രോഗത്തിനു കീഴടങ്ങിയത്.
രാഷ്ട്രീയ പാര്‍ട്ടി നേതാവുകൂടിയായ ഇദ്ദേഹം 2018-ല്‍ കാമറൂണ്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പേരാണ് ഫ്രാങ്ക്ലിന്റെ സഭയില്‍ രോഗസൌഖ്യത്തിനായി ഒഴുകിയെത്തിയത്.
രോഗബാധിതരുടെയും രോഗലക്ഷണങ്ങളുള്ളവരുടെയും മേല്‍ കൈവെച്ച് ഫ്രാങ്ക്ലിന് പ്രാര്‍ത്ഥിച്ചിരുന്നു. പ്രവാചകനായും ദീര്‍ഘദര്‍ശിയായും വിശേഷിപ്പിച്ചിരുന്ന അനുയായികള്‍ ഫ്രാങ്ക്ലിന് കോവിഡ് രോഗത്താല്‍ മരിച്ച വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍ പ്രാര്‍ത്ഥനകളും ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. വിവരം അറിഞ്ഞെത്തിയ അധികൃതരെ ഇവര്‍ 8 മണിക്കൂറുകളോളം തടഞ്ഞു നിറുത്തി.
ഫ്രാങ്ക്ലിന് ദൈവവുമായി ആത്മീയ ധ്യാനത്തിലാണെന്നും ഇദ്ദേഹത്തെ സംസ്ക്കരിക്കാന്‍ പാടില്ലെന്നും ഇവര്‍ വാദിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അതീവ ഗുരുതരമായപ്പോള്‍ ഫ്രാങ്ക്ലിനെ ചികിത്സിക്കാന്‍ ഡോക്ടറെ വരുത്തിയരുന്നു. എന്നാല്‍ ഡോക്ടര്‍ എത്തി പത്തു മിനിറ്റുകള്‍ക്കുള്ളില്‍ മരിക്കുകയായിരുന്നു. തുടര്‍ന്നു ഫ്രാങ്ക്ലിന്റെ ജഡം വീട്ടുമുറ്റത്തുതന്നെ സംസ്ക്കരിച്ചു.
9 പേര് മത്സരിച്ച പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഫ്രാങ്ക്ലിന് 23,687 വോട്ടുകള്‍ നേടി 7-ാം സ്ഥനത്തു വന്നിരുന്നു. വിശ്വാസികള്‍ക്കായി സോപ്പ്, മാസ്ക്ക് എന്നിവ വിതരണം ചെയ്യാനും ഫ്രാങ്ക്ലിന് രംഗത്തുണ്ടായിരുന്നു.

