ഹെബ്രോനിലെ മക്പേല: യുനെസ്കോയുടെ തീരുമാനത്തിനെതിരെ യിസ്രായേല്‍ പ്രധാനമന്ത്രി ബൈബിള്‍ വായിച്ചു തെളിവു നല്‍കി
ടെല്‍ അവീവ്: ബൈബിളിലെ പഴയ ചരിത്ര നഗരമായ ഹെബ്രോനില്‍ അബ്രഹാമിന്റെ കാലം മുതലുള്ള മക്പേലാ ഗുഹയുടെ യഥാര്‍ത്ഥ അവകാശം പലസ്തീനികള്‍ക്കാണെന്നു യുനെസ്കോ പ്രമേയം പാസ്സാക്കിയതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് യിസ്രായേല്‍ മന്ത്രിസഭാ യോഗത്തിനിടയില്‍ പ്രധാനമന്ത്രി ബെന്യാമീന്‍ നെതന്യാഹു ബൈബിളിലെ ചരിത്ര ഭാഗം വായിച്ചു തെളിവു നിരത്തി.
ജൂണ്‍ 30-ന് വെള്ളിയാഴ്ച യുനെസ്കോയില്‍ പലസ്തീന്‍ അതോറിട്ടി പ്രമേയം കൊണ്ടുവന്നു. ഹെബ്രോനിലെ ഇപ്പോഴത്തെ പാത്രിയര്‍ക്കീസ് ശവകുടീരം മുസ്ളീങ്ങള്‍ക്കവകാശപ്പെട്ടതാണെന്നും അതിന്മേലുള്ള അധികാരം തങ്ങള്‍ക്ക് അനുവദിച്ചു തരണമെന്നുമായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. ഇതില്‍ 3 വോട്ടുകള്‍ക്കെതിരെ 12 വോട്ടിനു പ്രമേയം പാസ്സായി. 6 രാഷ്ട്രങ്ങള്‍ വിട്ടുനിന്നു. യഥാര്‍ത്ഥത്തില്‍ പാത്രിര്‍ക്കീസ് ഗുഹ എന്ന ശവകൂടീരം അബ്രഹാമിന്റെ ശവകുടിരമാണ്. ഇവിടെ യിസ്സഹാക്കിനെയും, യാക്കോബിനെയും അടക്കം ചെയ്തിരുന്നു.
ക്രിസ്തുവിനു 3000 വര്‍ഷം മുമ്പു മുതല്‍ യെഹൂദന്മാര്‍ക്ക് വളരെ പ്രാധാന്യമുണ്ടായിരുന്ന സ്ഥലമാണ് മക്പേല ഗുഹ. എഡി 614-ല്‍ ഹെബ്രോന്‍ അറബികളുടെ അധിനിവേശത്തിന്‍ കീഴില്‍ ആയി. പിന്നീട് മുസ്ളീങ്ങള്‍ അത് കൈയ്യടക്കി വെച്ചിരിക്കുകയായിരുന്നു. അബ്രഹാമിന്റെ ശവകുടീരത്തിനു അവര്‍ ഇബ്രാഹീം മോസ്ക് എന്നാണ് വിളിച്ചിരുന്നത്. പിന്നീട് 1967-ലെ 6 നാള്‍ നീണ്ടുനിന്ന യിസ്രായേല്‍ -അറബ് യുദ്ധത്തിനൊടുവില്‍ ഈ സ്ഥലം ഇസ്രായേല്‍ പിടിച്ചടക്കി.
നിലവില്‍ വെസ്റ്റ് ബാങ്കിലാണ് ഇപ്പോള്‍ ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ഈ ചരിത്രം വിസ്മരിച്ചുകൊണ്ടാണ് യുനെസ്കോ പ്രമേയം പാസ്സാക്കി ശവകുടീരം പലസ്തീന്റെ പൈതൃക സ്വത്തായി അനുവദിച്ചത്. പ്രമേയം പാസ്സാക്കിയ അന്നുമുതല്‍ യിസ്രായേല്‍ ശക്തമായി അപലപിക്കുകയും യുനെസ്കോയുടെ തീരുമാനത്തെ വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് ജൂലൈ 9-ന് കൂടിയ യിസ്രായേല്‍ മന്ത്രിസഭായോഗത്തിനിടയില്‍ പ്രധാനമന്ത്രി നെതന്യാഹു മക്പേലയുടെ ചരിത്ര സത്യം വിളിച്ചോതി പ്രസംഗിച്ചു. ഇതിനിടയില്‍ തെളിവായി ബൈബിളിലെ ഉല്‍പ്പത്തി പുസ്തകം 23:16 മുതല്‍ 19 വരെയുള്ള ഭാഗം വായിച്ചു.
“അബ്രഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യര്‍ കേള്‍ക്കെ എഫ്രോന്‍ പറഞ്ഞതുപോലെ കച്ചവടക്കാര്‍ക്കു നടപ്പുള്ള വെള്ളി ശേക്കല്‍ നാനൂറ് അവനു തൂക്കിക്കൊടുത്തു. ഇങ്ങനെ മമ്രെയ്ക്കരികെ എഫ്രോനുള്ള മക്പേല നിലവും അതിലെ ഗുഹയും നിലത്തിന്റെ അതിര്‍ത്തിക്കരികെയുള്ള സകല വൃക്ഷങ്ങളും അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രഹാമിനു അവകാശമായി ഉറച്ചുകിട്ടി. അതിന്റെ ശേഷം അബ്രഹാം തന്റെ ഭാര്യയായ സാറയെ കനാന്‍ ദേശത്തിലെ ഹെബ്രോന്‍ എന്ന മമ്രെയ്ക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയില്‍ അടക്കം ചെയ്തു.
ഇങ്ങനെ ഹിത്യര്‍ ആ നിലവും അതിലെ ഗുഹയും അബ്രഹാമിനു ശ്മശാനാവകാശമായി ഉറപ്പിച്ചു കൊടുത്തു” എന്നുളള ബൈബിള്‍ വാക്യമാണ് വായിച്ചത്. യുനെസ്കോയും, ഐക്യരാഷ്ട്ര സഭയും നിലപാടു തിരുത്തണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. യിസ്രായേല്‍ തങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരിത്ര പ്രാധാന്യമുള്ള നഗരമായാണ് ഹെബ്രോനെ കാണുന്നത്.

