യോഹന്നാന്‍ സ്നാപകന്‍ തടവില്‍ കിടന്നതും ശിരഛേദം ഏറ്റതുമായ കോട്ടയുടെ അവശിഷ്ടം കണ്ടെത്തി

Breaking News Middle East

യോഹന്നാന്‍ സ്നാപകന്‍ തടവില്‍ കിടന്നതും ശിരഛേദം ഏറ്റതുമായ കോട്ടയുടെ അവശിഷ്ടം കണ്ടെത്തി
യോഹന്നാന്‍ സ്നാപകന്‍ തടവില്‍ കിടന്നതും ശിരഛേദം ഏറ്റതുമായ കോട്ടയുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. യോര്‍ദ്ദാനില്‍ ചാവുകടലിന്റെ കിഴക്കു വശത്തുള്ള മക്കൈറസ് എന്ന സ്ഥലത്തു അന്നത്തെ രാജാവായിരുന്ന ഹെരോദാവിന്റെ കൊട്ടാരമായിരുന്നു ഇത്.

 

ഹംഗേറിയന്‍ ആര്‍ക്കിയോളജിക്കല്‍ മിഷന്റെ ഗവേഷകരാണ് ഉല്‍ഖനനത്തില്‍ കോട്ടയുടെ ഉള്ളറകള്‍ വെളിച്ചത്തു കൊണ്ടുവന്നത്. കോട്ടയുടെ തകര്‍ന്ന അവശിഷ്ടങ്ങള്‍ 15.6 മീറ്റര്‍ താഴ്ചയില്‍ വരെ മണ്ണു നീക്കിയാണ് കണ്ടെത്തിയത്. കോട്ടയ്ക്കുള്ളില്‍ തകര്‍ന്ന ഭിത്തികളും മുറികളും വിശാലമായ മുറ്റവുമൊക്കെയുണ്ടായിരുന്നു.

 

ഹംഗേറിയന്‍ പുരാവസ്തു ഗവേഷകര്‍ക്കു സഹായത്തിനായി യോര്‍ദ്ദാനിലെ പുരാവസ്തു ഗവേഷകരുമുണ്ടായിരുന്നു. 12 പടികള്‍ താഴ്ചയുള്ള ഒരു കുളവുമുണ്ടായിരുന്നു. ഇത് ആവശ്യത്തിനു വെള്ളം സംഭരിച്ചു വെയ്ക്കാനുള്ളതായിരുന്നു. കോട്ടയോടു ചേര്‍ന്നു 18 മീറ്റര്‍ താഴ്ചയുള്ള ജലസംഭരണത്തൊട്ടിയും കണ്ടെത്തി. ഉല്‍ഖനനത്തിനിടയില്‍ ഹസ്മേനിയന്‍ ‍, റോമന്‍ നാണയങ്ങളും അതുപോലെ അരാമിക് ഭാഷയില്‍ കൊത്തുപണി ചെയ്ത 47 തകര്‍ന്ന മണ്‍പാത്രങ്ങളും കണ്ടെടുക്കുകയുണ്ടായി.

 

ഹെരോദാവ് റോമന്‍ സ്റ്റൈലില്‍ പണികഴിച്ച കൊട്ടാരവും മുറ്റവുമാണെന്ന് ഉല്‍ഖനനത്തിനു നേതൃത്വം നല്‍കിയ ഹംഗേറിയന്‍ ഗവേഷകന്‍ ഡോ. ഗ്യോസോ വോറോസ് അഭിപ്രായപ്പെടുന്നു. ഈ കോട്ടയുടെ സ്ഥാനം 1968-ല്‍ അമേരിക്കന്‍ ആര്‍ക്കിയോളജിക്കല്‍ ബാപ്റ്റിസ്റ്റ് മിഷന്‍ സംഘം കണ്ടെത്തിയിരുന്നു. പിന്നീട് കാര്യമായ പഠനം നടന്നിരുന്നില്ല.

 

യേശുവിനെ സ്നാനപ്പെടുത്തിയശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ യോഹന്നാന്‍ സ്നേപകന്‍ തടവിലായി എന്നു ബൈബിളില്‍ കാണുന്നു. (മത്തായി 14:1-12, യോഹന്നാന്‍ 6: 14-21) ഹെരോദ്യ എന്ന നീച സ്ത്രീയുടെ പ്രീതി പിടിച്ചുപറ്റാനായി ഹെരോദാവ് രാജാവ് യോഹന്നാനെ തടവിലാക്കുകയായിരുന്നു. ഇവരുടെ അവിഹിതമായ ജീവിതബന്ധത്തെ യോഹന്നാന്‍ ശക്തമായി എതിര്‍ത്തു പറഞ്ഞതിനായിരുന്നു ഹെരോദ്യയ്ക്ക് യോഹന്നാനോട് വിരോധം ഉണ്ടാകാന്‍ കാരണം.

 

എവിടെ തടവിലാക്കിയെന്നു ബൈബിളില്‍ പേര് പരാമര്‍ശിക്കുന്നില്ല. ഹെരോദാവിനു മൈക്കറാസിലും, ഗലീല കടലിന്റെ പടിഞ്ഞാറേ തീരത്തുള്ള തിബെര്യാസിലും വസതികളുണ്ടായിരുന്നു. പക്ഷെ കൃത്യമായി യോഹന്നാന്റെ തടവു ജീവിതത്തിന്റെ സ്ഥലം പറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുരാവസ്തു ഗവേഷകര്‍ ഈ സ്ഥലം സ്ഥിരീകരിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.