യെരുശലേമില്‍ ഹിസ്ക്കിയാവ് രാജാവിന്റെ മുദ്ര കണ്ടെത്തി

Breaking News Global Middle East

യെരുശലേമില്‍ ഹിസ്ക്കിയാവ് രാജാവിന്റെ മുദ്ര കണ്ടെത്തി
യെരുശലേം : ബൈബിളിലെ ചരിത്ര സത്യത്തിന് കൂടുതല്‍ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്ന ഒരു ശേഷിപ്പു കൂടി ഗവേഷകര്‍ കണ്ടെത്തി.

 

പഴയ യെഹൂദ രാജ്യത്തിന്റെ രാജാവായിരുന്ന ഹിസ്ക്കിയാവിന്റെ മുദ്ര യെരുശലേം ദേവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്നും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ബി.സി. 8-നൂറ്റാണ്ടില്‍ യെഹൂദ രാജ്യം ഭരിച്ചിരുന്ന ഹിസ്ക്കിയാവ് രാജാവിന്റെ പേര് രേഖപ്പെടുത്തിയ കളിമണ്‍ മുദ്രയാണ് ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ ഉല്‍ഖനനത്തിനിടയില്‍ കണ്ടെത്തിയത്.

 

ഓവല്‍ ആകൃതിയിലുള്ള മുദ്രയില്‍ ഹീബ്രു ഭാഷയില്‍ “യെഹൂദയിലെ ആഹാസ് രാജാവിന്റെ മകന്‍ ഹിസ്ക്കിയാവ്” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. നടുക്ക് അന്ന് ഈജിപ്റ്റില്‍ സര്‍വ്വസാധാരണമായിരുന്ന ഒരു വണ്ടിന്റെ പടവും ആലേഖനം ചെയ്തിട്ടുണ്ട്. കളിമണ്‍ മുദ്രയ്ക്ക് 5 ഇഞ്ച് വിസ്തൃതിയുമുണ്ട്.

 

ബി.സി. 727-698 കാലഘട്ടത്തിലായിരുന്നു ഹിസ്ക്കിയാവ് യെരുശലേം കേന്ദ്രമാക്കി രാജ്യം ഭരിച്ചിരുന്നത്. 25-വയസ്സില്‍ രജ്യഭാരം ഏറ്റെടുത്ത ഇദ്ദേഹം 29 വര്‍ഷം രാജാവായി വാണിരുന്നു എന്ന് ബൈബിളില്‍ 2 രാജാക്കന്മാര്‍ 18-അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വിഗ്രഹാരാധനയ്ക്കെതിരെ ശക്തമായ നിലപാടുകള്‍ എടുത്ത രാജാവായിരുന്നു ഹിസ്ക്കിയാവ്.

 

ബൈബിളില്‍ 2 ദിനവൃത്താന്തം, യെശയ്യാവ് എന്നീ പുസ്തകങ്ങളിലും ഹിസ്ക്കിയാവിന്റെ ജീവചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. യെരുശലേമിലെ ഹീബ്രു യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജി വകുപ്പിലെ ഡോ. എലിയറ്റ് മസ്സിര്‍ ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ഹിസ്ക്കിയാവ് തന്നെയാണ് തന്റെ സ്വന്തം മുദ്ര നിര്‍മ്മിച്ചതെന്ന് എലിയറ്റ് മസ്സിര്‍ പറഞ്ഞു.

 

കഴിഞ്ഞ ബുധനാഴ്ചയാണ് ഈ വിവരം പുറത്തുവിട്ടത്. ബൈബിളിലെ ചരിത്ര സത്യങ്ങള്‍ മറയില്ലാതെ ദൈവം നൂറ്റണ്ടുകള്‍ക്കു ശേഷം പുറത്തുകൊണ്ടുവരുന്നത് ബൈബിളിന് കൂടുതല്‍ സ്വീകാര്യത കൈവരുത്തുന്നു.

Leave a Reply

Your email address will not be published.