യെരുശലേമിനടുത്ത് പുരാതന ക്രൈസ്തവ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Breaking News Global Middle East

യെരുശലേമിനടുത്ത് പുരാതന ക്രൈസ്തവ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
യെരുശലേം : യെരുശലേം നഗരത്തിനു സമീപം പുരാതന ക്രൈസ്തവ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. യെരുശലേം നഗരത്തിനു 10 കിലോമീറ്റര്‍ വടക്കു ഭാഗത്ത് ബെയ്റ്റ് നെക്കോഫ ഗ്രാമത്തില്‍ യെരുശലേം-ടെല്‍ അവീവ് ദേശീയ പാത വീതി കൂട്ടുന്നതിനായി മണ്ണ് കുഴിക്കുന്നതിനിടയിലാണ് ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

 

1500 വര്‍ഷം മുമ്പുള്ള ബൈസന്റൈന്‍ കാലഘട്ടത്തു നിര്‍മ്മിച്ച ദേവാലയത്തിന്റെ ശേഷിപ്പുകളാണിതെന്നു ഇസ്രായേലി പുരാവസ്തു വകുപ്പ് വക്താവ് ആനെറ്റ് നാഗര്‍ അറിയിച്ചു. ആരാധനാലയത്തോടു ചേര്‍ന്ന് റോഡ് സ്റ്റേഷന്റെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു ചുവപ്പ് നിറത്തിലുള്ള പ്ലാസ്റ്റര്‍ കഷണങ്ങളും, ചുവര്‍ച്ചിത്രങ്ങളുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.

 

ആരാധനാലയത്തിനു പടിഞ്ഞാറു ഭാഗത്ത് സാധനങ്ങള്‍ സൂക്ഷിക്കാനും, താമസിക്കുവാനുമുള്ള മുറികളുടെ സാന്നിദ്ധ്യവും വ്യക്തമായതായി ആനെറ്റ് പറഞ്ഞു. ഒരു മുറിയില്‍ മണ്ണുകൊണ്ടുള്ള ടൈലുകളുടെ ശേഖരവുമുണ്ടായിരുന്നു. പുരാതന കാലത്ത് തീരമേഖലയിലുള്ളവര്‍ യെരുശലേമിലേക്കുള്ള യാത്രാ മദ്ധ്യേ ഉപയോഗിച്ചിരുന്ന റോഡ് സ്റ്റേഷന്റെ ഭാഗമായിരിക്കാം ഈ ആരാധനാലയമെന്നാണ് നിഗമനം.

 

സമീപകാലത്ത് ഈ റോഡില്‍പ്പെടുന്ന കിര്യത്ത് യെ ആരീം, എമ്മാവൂസ് എന്നിവിടങ്ങളിലും സമാനമായ ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പുതുതായി കണ്ടെത്തിയ ആരാധനാലയത്തിന്റെ ഭാഗങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം നടത്താനാണ് ഗവേഷകരുടെ തീരുമാനം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.